സംസ്ഥാന ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടന്ന മെഡിക്കൽ ഉപകരണങ്ങളുടെ പർച്ചേസുകളിൽ സമഗ്ര അന്വേഷണം നടത്താൻ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർദ്ദേശിച്ചു. വിഷയത്തിൽ ശാസ്ത്രീയവും വസ്തുതാപരവുമായ അന്വേഷണം ഉറപ്പാക്കുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന ഉന്നതതല സമിതിയെ രൂപീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.
രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കർശന നിർദ്ദേശം. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ, വിവിധ സർക്കാർ ആശുപത്രികൾ, ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടക്കുക.
കഴിഞ്ഞ പത്തു വർഷക്കാലയളവിൽ വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ, അനുബന്ധ സാമഗ്രികൾ എന്നിവയുടെ സംഭരണം, ഇൻസ്റ്റാളേഷൻ, കമ്മീഷനിംഗ്, ഉപയോഗം, പരിപാലനം, നിലവിലെ പ്രവർത്തനക്ഷമത എന്നിവ വിശദമായി പരിശോധിക്കും. പ്രധാന അന്വേഷണ പരിധികൾ
പദ്ധതി ഫണ്ടുകൾക്ക് പുറമെ, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പിഎംഎസ്എസ്വൈ) തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി വാങ്ങിയ ഉപകരണങ്ങളും, കോവിഡ് കാലയളവിൽ കേന്ദ്ര സർക്കാർ വിതരണം ചെയ്ത മെഡിക്കൽ സാമഗ്രികളും അന്വേഷണത്തിന്റെ ഭാഗമാകും.
പരാതികളുടെ അടിസ്ഥാനത്തിൽ നടപടി
ഉയർന്ന വില നൽകി വാങ്ങിയ ഒട്ടനവധി മെഡിക്കൽ ഉപകരണങ്ങൾ പല സർക്കാർ സ്ഥാപനങ്ങളിലും ഇൻസ്റ്റാൾ ചെയ്യാതെയോ കമ്മീഷൻ ചെയ്യാതെയോ കെട്ടിക്കിടക്കുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു. കോവിഡ് കാലത്ത് ലഭ്യമായ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓട്ടോക്ലേവ് മെഷീനുകൾ, സോളാർ പവർ പ്ലാന്റുകൾ, ജനറേറ്ററുകൾ എന്നിവയുടെ പ്രവർത്തനക്ഷമതയിലെ കുറവും പരിപാലനത്തിലെ വീഴ്ചയും സാമ്പത്തിക നഷ്ടത്തിന് വഴിവെച്ചതായി കണ്ടെത്തിയിട്ടുണ്ട്.
വയനാട് സർക്കാർ മെഡിക്കൽ കോളേജ് സന്ദർശന വേളയിൽ, ലക്ഷങ്ങൾ വിലമതിക്കുന്ന മൊബൈൽ മോർച്ചറി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്നത് താൻ നേരിട്ട് ശ്രദ്ധയിൽപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി. സമാനമായ സാഹചര്യം സംസ്ഥാനത്തെ ഇതര ആരോഗ്യ സ്ഥാപനങ്ങളിലും നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഉത്തരവാദികളെ കണ്ടെത്തി ശക്തമായ തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള ശുപാർശകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

