വിതുരയിൽ നിന്നും പൊന്മുടിയിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി ബസ് സർവീസുകളിലെ അമിത തിരക്ക് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. അവധി ദിവസങ്ങളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം യാത്രക്കാരുമായി മലയിറങ്ങുന്ന ബസുകളുടെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണ്.
‘പ്രിയദർശിനി വനിതാ സൗജന്യ യാത്ര’ പദ്ധതി ആരംഭിച്ചതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായെങ്കിലും, അതിനനുസരിച്ചുള്ള അധിക സർവീസുകൾ ഏർപ്പെടുത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല. വൈകുന്നേരങ്ങളിൽ പൊന്മുടിയിൽ നിന്നും മടങ്ങുന്ന വിനോദസഞ്ചാരികൾ ബസുകൾക്കായി നെട്ടോട്ടമോടുന്ന കാഴ്ച പതിവാണ്.
ബസുകളിൽ ഫുട്ബോഡിൽ യാത്ര ചെയ്യുന്നത് അനുവദിക്കില്ലെന്ന കർശന നിർദേശമുള്ളതിനാൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് യാത്രക്കാരെ കയറ്റിയ ശേഷം ബാക്കിയുള്ളവരോട് അടുത്ത ബസിനായി കാത്തിരിക്കാൻ കണ്ടക്ടർമാർ നിർദ്ദേശിക്കാറുണ്ട്. കൊടും വളവുകൾ നിറഞ്ഞ പൊന്മുടി റോഡിലെ അപകടസാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.
എന്നാൽ പലപ്പോഴും ബസുകൾ പുറപ്പെടാൻ ഒരു മണിക്കൂറിലധികം വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിലാകുന്നു. സാധാരണ ദിവസങ്ങളിൽ വൈകിട്ട് 6.40-ന് വിതുരയിൽ എത്തേണ്ട
പൊന്മുടി– നെടുമങ്ങാട്– കാട്ടാക്കട– നെയ്യാറ്റിൻകര ബസ് മിക്ക ദിവസങ്ങളിലും രാത്രി 7.30-ന് ശേഷമാണ് എത്തുന്നത്. അവധി ദിവസങ്ങളിൽ ഇത് രാത്രി 8 മണി വരെ നീളാറുണ്ട്.
പരിഹാര മാർഗങ്ങൾ പൊന്മുടിയിലെ യാത്രാപ്രതിസന്ധിക്ക് പരിഹാരമായി ഓർഡിനറി ഫെയർ സ്റ്റേജിനു മുകളിലുള്ള ബസുകൾ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ഗണത്തിൽപ്പെട്ട
ബസുകൾ ഓടിച്ചാൽ വരുമാനം വർധിക്കുന്നതിനൊപ്പം യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും സാധിക്കും. നിലവിൽ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി എക്സ്പ്രസ് ബസുകൾ പൊന്മുടിയിലേക്ക് എത്തുന്നുണ്ട്.
പൊന്മുടി ഹൈവേയിലെ കൊടും വളവുകളിൽ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാൽ, ഫാസ്റ്റ് പാസഞ്ചർ ഫെയർ സ്റ്റേജിൽ ഓടുന്ന നീളം കുറഞ്ഞ ‘ലിങ്ക്’ ബസുകൾ ഈ റൂട്ടിൽ ഷെഡ്യൂൾ ചെയ്യുന്നത് ഉചിതമായിരിക്കും.
വിഷയത്തിൽ ഗതാഗത വകുപ്പ് മന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ പൊതുവായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

