
ബുലന്ദ്ഷഹര്‍- പേരമകന്റെ ഭാര്യയുടെ കൈപിടിച്ച് ആദ്യമായി സ്കളിന്റെ പടി കയറിയ 92 വയസ്സുകാരി മുത്തശ്ശി
വായിക്കാനും എഴുതാനും പഠിച്ചു.ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ താമസിക്കുന്ന സലീമ ഖാനാണ് പ്രായം മറന്നുള്ള നേട്ടം കൈവരിച്ചത്.
ഏകദേശം 1931 ലായിരുന്നു ഇവരുടെ ജനനം. പതിനാലാം വയസ്സില്‍ വിവാഹിതയായി.
എഴുതാനും വായിക്കാനും പഠിക്കുകയെന്നത് ചിരകാല സ്വപ്നമായിരുന്നു.
കുട്ടിയായിരുന്നപ്പോള്‍ തന്റെ ഗ്രാമത്തില്‍ സ്കൂളുകള്‍ ഇല്ലായിരുന്നുവെന്നാണ് സലീമ ഖാന് മാധ്യമങ്ങളോട് പറഞ്ഞത്.
ആറ് മാസം മുമ്പാണ് സലീമ തന്നേക്കാള്‍ എട്ട് പതിറ്റാണ്ട് ഇളയ വിദ്യാര്‍ത്ഥികളോടൊപ്പം പഠിക്കാന്‍ തുടങ്ങിയത്. ചെറുമകന്റെ ഭാര്യയാണ് ക്ലാസിലേക്കുള്ള യാത്രയില്‍ മുത്തശ്ശിയെ അനുഗമിച്ചത്.
സലീമ ഒന്ന് മുതല്‍ 100 വരെ എണ്ണുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നോട്ടുകള്‍ എണ്ണാന്‍ കഴിയാത്തതിനാല്‍ കൊച്ചുമക്കള്‍ അധികം പണം കിട്ടുന്നതിനായി തന്നെ കബളിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മുത്തിശ്ശി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ആ കാലം കഴിഞ്ഞു.
ഇനി തന്നെ ആര്‍ക്കും കബളിപ്പിക്കാന്‍ കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇപ്പോള്‍ സലീമ ഖാന്.
അറിവ് തേടുന്നത് പ്രായം ഒരു തടസ്സമല്ലെന്ന വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാണ് സലീമ ഖാന്റെ കഥയെന്ന് പ്രാദേശിക വിദ്യാഭ്യാസ ഓഫീസര്‍ ലക്ഷ്മി പാണ്ഡെയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഒരു ഗവണ്മെന്റ് വിദ്യാഭ്യാസ സംരംഭത്തിലെ സന്നദ്ധപ്രവര്‍ത്തകരാണ് സലീമാ ഖാന്റെ പഠിക്കാനുള്ള ആഗ്രഹം തിരിച്ചറിഞ്ഞ് അവരെ സ്കൂളില്‍ പോകാന്‍ പ്രോത്സാഹിപ്പിച്ചതെന്ന് പാണ്ഡെ പറഞ്ഞു. സലീമയെ പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ ആദ്യം മടിച്ചെങ്കിലും പഠിക്കാനുള്ള അവരുടെ അഭിനിവേശത്തിനുമുന്നില്‍ അവര്‍ക്ക് കീഴടങ്ങേണ്ടിവന്നുവെന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് പ്രതിഭ ശര്‍മ്മ പറഞ്ഞു.
അവരെ തിരിച്ചയക്കാന്‍ മനസ്സുവന്നില്ലെന്ന് പ്രതിഭ പറഞ്ഞു.
സലീമ ഖാന് തന്നോടൊപ്പം സ്കൂളിലേക്ക് വരാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു. രണ്ട് മരുമക്കള്‍ ഉള്‍പ്പെടെ ഗ്രാമത്തിലെ മറ്റ് 25 സ്ത്രീകളും സാക്ഷരതാ ക്ലാസുകളില്‍ പങ്കെടുത്തുതുടങ്ങി.
2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ സാക്ഷരതാ നിരക്ക് ഏകദേശം 73 ശതമാനമാണ്.
2004ല്‍ 84ാം വയസ്സില്‍ സ്കൂളില്‍ പോയി തുടങ്ങിയ കെനിയയില്‍ നിന്നുള്ള പരേതനായ കിമാനി ആംഗ മരുഗെയെയാണ് െ്രെപമറി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഉള്‍പ്പെടുത്തിയത്.
ബ്രിട്ടീഷ് കൊളോണിയല്‍ സേനക്കെതിരെ പൊരുതിയ മൗ മൗ ഗറില്ലാ പോരാളിയായിരുന്ന മരുഗെ പണം എണ്ണാനും ബൈബിള്‍ വായിക്കാനും ആഗ്രഹിച്ചാണ് സ്കൂളില്‍ പോയി തുടങ്ങിയത്. പിന്നീട് മുതിര്‍ന്ന ഹെഡ്ബോയ് ആയി നിയമിതനായി.
2023 September 29 India Salima Khan reading writing title_en: Salima Khan goes to school for first time, learns reading, writing …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]