രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി ഇന്ധനവിലയിൽ കുറവ് വരുത്തി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പുകളിൽ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു സ്വകാര്യ കമ്പനി ഇന്ധനവിലയിൽ ഇത്രയും വലിയ ഇളവ് പ്രഖ്യാപിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ ഉണ്ടായ ഇടിവാണ് ഈ തീരുമാനത്തിന് വഴിയൊരുക്കിയത്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിൽ അയവുണ്ടായതോടെ ആഗോള വിപണിയിൽ എണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ രാജ്യത്തുടനീളമുള്ള ഏഴായിരത്തിലധികം നയാര പെട്രോൾ പമ്പുകളിൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
എങ്കിലും, സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രാദേശിക നികുതികളിലും മൂല്യവർദ്ധിത നികുതിയിലും (VAT) വ്യത്യാസമുള്ളതിനാൽ അതത് പ്രദേശങ്ങളിലെ വിലയിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം, രാജ്യത്തെ ഭൂരിഭാഗം ഇന്ധന വിതരണ കേന്ദ്രങ്ങളും നിയന്ത്രിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനികൾ വില കുറയ്ക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ല.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളുടെ കീഴിലുള്ള പമ്പുകളിൽ നിലവിലെ നിരക്ക് തുടരുകയാണ്. നേരത്തെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന സാഹചര്യത്തിൽ, മാർച്ച് 26-ന് നയാര എനർജി പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും വർദ്ധിപ്പിച്ചിരുന്നു.
ഇതിനെത്തുടർന്ന് മെയ് മാസത്തിൽ പൊതുമേഖലാ കമ്പനികളും ഘട്ടം ഘട്ടമായി ലിറ്ററിന് 7.50 രൂപ വരെ വില കൂട്ടിയിരുന്നു. ഇപ്പോൾ ഇറാൻ-യുഎസ് സംഘർഷത്തിന് ശമനമുണ്ടാവുകയും എണ്ണ വിതരണം സുഗമമാവുകയും ചെയ്തെങ്കിലും പൊതുമേഖലാ കമ്പനികൾ ഇന്ധന വിലയിൽ കുറവ് വരുത്താൻ ഇതുവരെ തയ്യാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

