വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തി വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അനുമതി നൽകിയ നടപടിയിൽ, സബ്ജക്ട് കമ്മിറ്റി യോഗത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. 2022 നവംബർ 9-ന് നടന്ന ധനകാര്യ സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് ചട്ടഭേദഗതി സംബന്ധിച്ച നിർദേശം ചർച്ചയായത്.
കമ്മിറ്റിയിലെ അംഗങ്ങളായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു എന്നിവർ യോഗത്തിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നുവെങ്കിലും, വിയോജിപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തിയതായി കാണുന്നില്ല.
‘വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന നടത്തുന്നതിന് അനുമതി നൽകാൻ തയാറാക്കിയ വിദേശമദ്യ ചട്ടം (അഞ്ചാം ഭേദഗതി) കമ്മിറ്റി പരിഗണിക്കുകയും ഭേദഗതികൾ കൂടാതെ അംഗീകരിക്കുകയും ചെയ്തു’ എന്നാണ് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. തങ്ങളുടെ വിയോജിപ്പ് മിനിറ്റ്സിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ, ഇക്കാര്യം ചൂണ്ടിക്കാട്ടി സമിതി അധ്യക്ഷൻ കെ.എൻ.
ബാലഗോപാലിന് കത്ത് നൽകിയിരുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിയറിൽ 6% വീര്യം മാത്രമാണ് അനുവദിച്ചിരിക്കുന്നതെങ്കിലും അതിലും വീര്യമുള്ള മദ്യം വിൽക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.
കെ. ബാബു മദ്യത്തിന്റെ വീര്യ അനുപാതത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തിയിരുന്നതായും മിനിറ്റ്സിലുണ്ട്.
യുഡിഎഫ് അംഗമായ എൻ. ഷംസുദ്ദീൻ ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
അതേസമയം, ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ ലൈസൻസ് അനുവദിക്കാനുള്ള നിർദേശത്തെ സമിതി യോഗത്തിൽ എതിർത്തതായി രേഖകളിലുണ്ട്. സമിതിയുടെ നിർദേശങ്ങൾ പരിഗണിച്ച് കരട് ചട്ടം പുതുക്കാൻ നികുതി വകുപ്പിന് നിർദേശം നൽകിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
മന്ത്രി എം.ബി. രാജേഷ്, കെ.ടി.
ജലീൽ, ഡി.കെ. മുരളി, തോട്ടത്തിൽ രവീന്ദ്രൻ, കെ.വി.
സുമേഷ്, ഇ.കെ. വിജയൻ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
അന്നത്തെ ജിഎസ്ടി കമ്മിഷണറും നിലവിലെ ധന (വിഭവസമാഹരണം) സെക്രട്ടറിയുമായ അജിത് പാട്ടീൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

