2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വിതുര സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തിയ നടപടി വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബോർഡ് മാറ്റുക മാത്രമാണ് ചെയ്തതെന്നായിരുന്നു അന്ന് ഉയർന്ന പ്രധാന ആരോപണം.
ആശുപത്രിയുടെ ഗ്രേഡ് ഉയർത്തിയപ്പോൾ 6 ഡോക്ടർ തസ്തികകളും നഴ്സിങ് സൂപ്രണ്ട്, സ്റ്റാഫ് നഴ്സ്, ഹോസ്പിറ്റൽ അറ്റൻഡർ, ലേ സെക്രട്ടറി, ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ, എൽ.ഡി.സി തുടങ്ങിയവരുൾപ്പെടെ 14 അധിക തസ്തികകൾ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ, തുടർന്ന് അധികാരത്തിൽ വന്നവർക്ക് ഈ സംവിധാനങ്ങളെ ഫലപ്രദമായി വിനിയോഗിക്കാൻ സാധിച്ചില്ല.
ചികിത്സാ സേവനങ്ങളിലെ കുറവ് മൂലം രോഗികളെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്ന കേന്ദ്രമായി ആശുപത്രി ചുരുങ്ങി. ഈ സാഹചര്യത്തിലാണ് 2018-ൽ ആശുപത്രിയുടെ നിയന്ത്രണം ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.
ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2019-ൽ 4.20 കോടി രൂപയുടെ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ചു. ഇതിൽ 3 കോടി രൂപ പുതിയ ബഹുനില മന്ദിരത്തിനും, 1.2 കോടി രൂപ മോർച്ചറി, ഡയാലിസിസ് യൂണിറ്റ് തുടങ്ങിയവയ്ക്കുമായാണ് വകയിരുത്തിയത്.
അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. എങ്കിലും, 2020-ൽ ഡി.കെ.സുരേഷ് കുമാർ പ്രസിഡന്റായ ഭരണസമിതി അധികാരമേറ്റതോടെ പദ്ധതികൾ മന്ദഗതിയിലായി.
ഫണ്ട് ദൗർലഭ്യം നിർമാണത്തെ സാരമായി ബാധിച്ചു. പ്രതിഷേധങ്ങൾക്കൊടുവിൽ 4 വർഷത്തിന് ശേഷം മോർച്ചറിയും 6 വർഷത്തിന് ശേഷം ഡയാലിസിസ് യൂണിറ്റും തുറന്നെങ്കിലും, 2025 ഫെബ്രുവരിയിൽ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തത് പൂർണ്ണ സജ്ജമാകാതെയായിരുന്നു.
ഫർണിച്ചർ, ഇലക്ട്രിഫിക്കേഷൻ, മാലിന്യ നിർമാർജന സംവിധാനം എന്നിവ പൂർത്തിയാക്കാൻ ഫണ്ടില്ലാത്തതിനാൽ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിച്ചില്ല. നിലവിൽ വി.പ്രിയദർശിനി പ്രസിഡന്റായ ഭരണസമിതി അധികാരത്തിൽ വന്നിട്ടും സ്ഥിതിക്ക് വലിയ മാറ്റമില്ല.
ഇലക്ട്രിഫിക്കേഷൻ ജോലികൾക്കായി ഫണ്ട് അനുവദിക്കുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയെങ്കിലും, നിർമാണം പൂർത്തിയാക്കി കെട്ടിടം പ്രവർത്തനസജ്ജമാക്കാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും എടുക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

