വി ഡി സതീശൻ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ സംസ്ഥാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമല്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ധവളപത്രം പുറത്തിറക്കിയ സാഹചര്യത്തിൽ, വരുമാന സ്രോതസ്സുകൾ വർധിപ്പിക്കുന്നതിനും സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ആർ ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രി എന്ന നിലയിൽ വി ഡി സതീശന്റെ ബജറ്റിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം കിഫ്ബിയുടെ പുനഃസംഘടനയെ സംബന്ധിച്ചായിരിക്കും.
നിലവിലെ പ്രവർത്തന ശൈലിയിൽ നിന്ന് മാറി, കിഫ്ബിയെ പൂർണ്ണമായും ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനും റവന്യൂ മാതൃകയിലേക്ക് മാറ്റാനും സർക്കാർ ആലോചിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളെ അടിസ്ഥാനമാക്കിയാകും ഈ മാറ്റങ്ങൾ.
കിഫ്ബിയുടെ പ്രൊജക്ട് മാനേജ്മെന്റ്, ക്വാളിറ്റി കൺട്രോൾ സംവിധാനങ്ങൾ കാര്യക്ഷമമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തിയിട്ടുണ്ടെങ്കിലും, സാമ്പത്തിക സമാഹരണത്തിലും വിനിയോഗത്തിലും ധനവകുപ്പിന്റെ മേൽനോട്ടം ഉറപ്പാക്കണമെന്നാണ് പ്രധാന നിർദേശം. നിലവിൽ കിഫ്ബി എടുക്കുന്ന വായ്പകളുടെ പലിശ നിരക്ക് സർക്കാരിന്റെ സാധാരണ കടമെടുപ്പിനേക്കാൾ ഉയർന്നതാണെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്.
ഈ സാമ്പത്തിക അച്ചടക്കമില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി, മോട്ടോർ വാഹന നികുതി ഇനത്തിൽ പിരിക്കുന്ന 3300 കോടി രൂപ ഉൾപ്പെടെ കിഫ്ബി പ്രതിവർഷം കൈപ്പറ്റുന്ന 4000 കോടി രൂപ നേരിട്ട് ഖജനാവിലേക്ക് എത്തിക്കുന്നതടക്കമുള്ള നടപടികൾക്ക് ബജറ്റിൽ സാധ്യതയുണ്ട്. കൂടാതെ, നിലവിൽ വിവിധ തസ്തികകളിലായി ജോലി ചെയ്യുന്ന 512 ജീവനക്കാരുടെ നിയമനങ്ങളിലും നയപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.
നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ട്, കരാറായതും നിയമപരമായ ബാധ്യതയുള്ളതുമായ പദ്ധതികൾ സർക്കാർ നേരിട്ട് ഏറ്റെടുക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളും ബജറ്റിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നതിനൊപ്പം സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പദ്ധതികൾക്കാകും സർക്കാർ മുൻഗണന നൽകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

