സ്വന്തം ജന്മനാടിന്റെ ക്രമസമാധാന ചുമതല ഏറ്റെടുക്കുക എന്ന അപൂർവ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് നിധിൻ രാജ്. കാസർകോട് ജില്ലയുടെ പുതിയ ജില്ലാ പൊലീസ് മേധാവിയായാണ് അദ്ദേഹം ഇന്ന് ഔദ്യോഗികമായി ചുമതലയേറ്റത്.
സാധാരണയായി ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽ നിയമിക്കാറില്ല എന്ന കീഴ്വഴക്കം നിലനിൽക്കെയാണ് ഈ നിയമനം ശ്രദ്ധേയമാകുന്നത്. ബിവി വിജയ ഭരത് റെഡ്ഡിയിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റുവാങ്ങിയത്.
കാസർകോട് രാവണീശ്വരം സ്വദേശിയായ ഇദ്ദേഹം, നേരത്തെ കണ്ണൂർ സിറ്റി പൊലീസ് കമീഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് റൂറൽ എസ്പിയായും, തലശേരി എഎസ്പിയായും പ്രവർത്തിച്ച് പരിചയസമ്പന്നനാണ് നിധിൻ രാജ്.
വിദ്യാഭ്യാസ കാലഘട്ടം മുതൽ തന്നെ തികഞ്ഞ നിശ്ചയദാർഢ്യം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ ശേഷം സോഫ്റ്റ്വെയർ മേഖലയിൽ ജോലി ചെയ്തിരുന്നെങ്കിലും സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്ക് അദ്ദേഹം നടന്നുനീങ്ങുകയായിരുന്നു.
തുടർച്ചയായ പരിശ്രമങ്ങൾക്കൊടുവിൽ മൂന്നാം തവണയാണ് സിവിൽ സർവീസ് പരീക്ഷയിൽ അദ്ദേഹം വിജയം കൈവരിച്ചത്. രാവണേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്എസ്എൽസിയും, കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടുവും പൂർത്തിയാക്കിയ ഇദ്ദേഹം, ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ നിന്നാണ് ഐപിഎസ് പരിശീലനം നേടിയത്.
മാധ്യമപ്രവർത്തന രംഗത്തും മുൻപരിചയമുള്ള അദ്ദേഹം, കെ രാജേന്ദ്രന്റെയും പി ലതയുടെയും മകനാണ്. ലക്ഷ്മി കൃഷ്ണനാണ് ഭാര്യ.
അശ്വതിയാണ് സഹോദരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

