കാസർകോട് നഗരസഭാ പരിധിയിലെ മാലിന്യ ശേഖരണവും സംസ്കരണവും വലിയ പ്രതിസന്ധി നേരിടുന്നു. നഗരസഭയുടെ 39 വാർഡുകളിലായി മാലിന്യം നീക്കം ചെയ്യുന്നതിനായി 78 ഹരിതകർമ സേനാംഗങ്ങളെ ആവശ്യമാണെങ്കിലും നിലവിൽ 42 പേർ മാത്രമാണ് സേവനത്തിലുള്ളത്.
36 പേരുടെ കുറവുള്ളതിനാൽ പല വാർഡുകളിലും മാലിന്യ നീക്കം മന്ദഗതിയിലാണ്. ഓരോ വാർഡിലും രണ്ട് സേനാംഗങ്ങൾ വീതം വേണമെന്ന വ്യവസ്ഥ പാലിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
നെല്ലിക്കുന്ന്, കടപ്പുറം, ഫോർട്ട് റോഡ്, തായലങ്ങാടി, തെരുവത്ത്, കടവത്ത്, തളങ്കര തുടങ്ങിയ 18 വാർഡുകളിൽ നിലവിൽ ഹരിതകർമ സേനാംഗങ്ങൾ ഇല്ലാത്ത സ്ഥിതിയുണ്ട്. വരാനിരിക്കുന്ന മഴക്കാലത്ത് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് കൊതുക് ശല്യം വർധിക്കുന്നതിനും പകർച്ചവ്യാധികൾ പടരുന്നതിനും കാരണമാകുമെന്ന് ആശങ്കയുണ്ട്.
ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച വരുമാനം ലഭിക്കാൻ അവസരമുണ്ടെങ്കിലും ആവശ്യത്തിന് ആളുകളെ കണ്ടെത്താൻ കഴിയാത്തത് തിരിച്ചടിയാകുന്നു. നഗരസഭയിലെ മാലിന്യ നീക്കം വഴി പ്രതിമാസം ഏഴര ലക്ഷം രൂപയുടെ വരുമാനം ഹരിതകർമ സേനയ്ക്ക് ലഭിക്കുന്നുണ്ട്.
കൃത്യമായി പ്രവർത്തിക്കുന്ന ഒരാൾക്ക് ചുരുങ്ങിയത് 10,000 രൂപ മാസവരുമാനമായി ലഭിക്കും. സ്വയം റിക്ഷ ഓടിച്ച് മാലിന്യം ശേഖരിച്ച് തരംതിരിച്ചു നൽകുന്നവർക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ട്.
ഇതുസംബന്ധിച്ച് ഹരിത കർമസേന കൺസോർഷ്യം സെക്രട്ടറി ഗായത്രി കിണി പറയുന്നത് ഇങ്ങനെയാണ്: “മാലിന്യ ശേഖരണത്തിനു 30,000 രൂപയും തരംതിരിച്ചു നൽകുന്നതിനു 10,000 രൂപയും. കറന്തക്കാട് ടൗൺ ഭാഗത്താണ് ഇവരുടെ സേവനം.
മാലിന്യം ശേഖരിക്കുന്നതിനനുസരിച്ചാണ് വരുമാനം. ആഴ്ചതോറും മാലിന്യം ശേഖരിക്കുന്നവർക്ക് വലിയ തുക കിട്ടുന്നുണ്ടെന്ന് ഗായത്രി പറഞ്ഞു.” ഗായത്രി കിണിയെ കൂടാതെ ജയശീല എന്ന സേനാംഗവും ഇതേ മാതൃകയിൽ വരുമാനം കണ്ടെത്തുന്നുണ്ട്.
നഗരസഭയുടെ പക്കൽ മൂന്ന് വാഹനങ്ങളാണുള്ളത്. ഇതിൽ ഒരെണ്ണം ഡ്രൈവറെ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
പ്ലാസ്റ്റിക്, കുപ്പികൾ, ചില്ല്, തുണിത്തരങ്ങൾ തുടങ്ങിയവ ശേഖരിച്ച് തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയാണ് ഹരിതകർമ സേനയുടെ പ്രധാന ചുമതല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

