കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി രണ്ടാം ദിനത്തിലും സംസ്ഥാനത്തുടനീളം വലിയ ജനശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്. ഓർഡിനറി ബസുകളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പല സർവീസുകളും നിറഞ്ഞോടുകയാണ്.
എന്നാൽ, പദ്ധതി സംബന്ധിച്ച അവ്യക്തതകളും ആശയക്കുഴപ്പങ്ങളും യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ വെല്ലുവിളിയാകുന്നുണ്ട്. സിറ്റി ഫാസ്റ്റിലെ ആശയക്കുഴപ്പം
പദ്ധതിയുടെ പരിധിയിൽ സിറ്റി ഫാസ്റ്റ് ബസുകൾ ഉൾപ്പെടുന്നില്ലെന്ന കാര്യം പല യാത്രക്കാരും ശ്രദ്ധിക്കുന്നില്ല.
മലയിൻകീഴ്–പാപ്പനംകോട്, മലയിൻകീഴ്–ഊരൂട്ടമ്പലം റൂട്ടുകളിൽ ഓർഡിനറി സർവീസുകൾ പരിമിതമായതോടെ, സിറ്റി ഫാസ്റ്റ് ബസുകളിൽ കയറി സൗജന്യ ടിക്കറ്റ് ആവശ്യപ്പെടുന്ന വനിതകളുടെ എണ്ണം കൂടി. ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അവഗണിക്കുകയാണ്.
ടിക്കറ്റ് തുക നൽകാൻ വിസമ്മതിക്കുന്ന യാത്രക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കണ്ടക്ടർമാർ പാടുപെടുന്നു. ഈ റൂട്ടുകളിൽ കൂടുതൽ ഓർഡിനറി സർവീസുകൾ വേണമെന്ന ആവശ്യം യാത്രക്കാരിൽനിന്ന് ശക്തമായിട്ടുണ്ട്.
പരാതികളും പരിമിതികളും
മലയിൻകീഴ് ഡിപ്പോയുടെ പരിധിയിൽ ഓർഡിനറി ബസിൽ യാത്ര ചെയ്തിട്ടും ടിക്കറ്റ് നിരക്ക് ഈടാക്കി എന്ന പരാതി ഉയർന്നു. സൗജന്യ പദ്ധതി നിലവിലുള്ള കാര്യം അറിയാതെ യാത്രക്കാരി ടിക്കറ്റ് എടുത്ത സംഭവം, പദ്ധതിയെക്കുറിച്ചുള്ള ബോധവൽക്കരണം ഇനിയും താഴെത്തട്ടിൽ എത്തേണ്ടതുണ്ട് എന്നതിലേക്കാണ് വിരൽചൂണ്ടുന്നത്.
വിഴിഞ്ഞം, കണിയാപുരം ഡിപ്പോകളിൽ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചു. പള്ളിച്ചൽ, കാട്ടാക്കട, മംഗലപുരം, പോത്തൻകോട് ഭാഗങ്ങളിൽ ഉച്ചസമയങ്ങളിൽ പോലും ബസുകൾ നിറഞ്ഞാണ് സർവീസ് നടത്തുന്നത്.
അതേസമയം, ടെക്നോപാർക്ക്–ബൈപാസ് മേഖലയിൽ അപര്യാപ്തമായ ഓർഡിനറി സർവീസുകൾ യാത്രക്കാരെ വലയ്ക്കുന്നു. ജീവനക്കാരുടെ കുറവ് വെല്ലുവിളിയാകുന്നു
യാത്രക്കാരുടെ പെരുപ്പം കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ തുടങ്ങണമെന്ന ആവശ്യം ഉയരുമ്പോഴും, ഡ്രൈവർമാരുടെയും മറ്റ് ജീവനക്കാരുടെയും ദൗർലഭ്യം കെഎസ്ആർടിസിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
നിലവിൽ ഒഴിവുകൾ നികത്താത്ത സാഹചര്യത്തിൽ പുതിയ സർവീസുകൾ ഉടൻ ആരംഭിക്കുന്നത് പ്രായോഗികമല്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വിവാദങ്ങൾക്കിടയിൽ
പദ്ധതി നടപ്പിലാക്കുന്നതിൽ ഉണ്ടായ ആശയക്കുഴപ്പങ്ങൾ പ്രതിപക്ഷ വിമർശനത്തിന് വഴിയൊരുക്കി.
ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റുകളാക്കി മാറ്റുന്നു എന്ന പ്രചാരണം പ്രതിരോധിക്കുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടുവെന്ന ആക്ഷേപം ശക്തമാണ്. പദ്ധതി പ്രഖ്യാപിച്ച ഘട്ടത്തിൽ സിറ്റി ഫാസ്റ്റുകളിൽ സൗജന്യ യാത്രയില്ലെന്ന കാര്യം വ്യക്തമായി അറിയിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും, ഇതിന്റെ മറവിൽ പദ്ധതി അട്ടിമറിക്കാൻ ചില യൂണിയനുകൾ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
മന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പിന്നീട് കൃത്യമായ വിശദീകരണം നൽകിയത്. പദ്ധതിയുടെ മുഴുവൻ ഗുണഫലങ്ങളും യാത്രക്കാർക്ക് ലഭിക്കണമെങ്കിൽ മികച്ച ആശയവിനിമയവും ജീവനക്കാരുടെ ലഭ്യതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

