ഖത്തർ എനർജിയുടെ നേതൃത്വത്തിൽ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദനം ഘട്ടംഘട്ടമായി വർധിപ്പിക്കാൻ ഖത്തർ തീരുമാനിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാനുണ്ടായ വ്യോമാക്രമണത്തിൽ പ്ലാന്റുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
ഇതിനെത്തുടർന്ന് ഉൽപാദനത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയത് ആഗോളതലത്തിൽ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾ ഫലം കാണുന്നതായാണ് റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്ക് തുറക്കുന്ന മുറയ്ക്ക്, പ്രവർത്തനക്ഷമത ആദ്യ മാസം 50 ശതമാനവും, രണ്ടാം മാസം 80 ശതമാനവും വർധിപ്പിക്കാനാണ് ഖത്തറിന്റെ പദ്ധതി. പ്ലാന്റുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള ബാക്കി 20 ശതമാനത്തോളം ജോലികൾ പൂർത്തിയാക്കാൻ ഏകദേശം അഞ്ച് വർഷത്തോളം സമയം വേണ്ടിവരുമെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ആഗോള വാതക കയറ്റുമതിയുടെ വലിയൊരു ഭാഗം നിർവഹിക്കുന്ന റാസ് ലഫാൻ സമുച്ചയത്തിലെ പ്ലാന്റുകളിൽ ഏപ്രിൽ മാസം മുതലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്ലാന്റ് തകരാറിലായതോടെ ചൈനയും കൊറിയയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വ്യവസായ മേഖല കടുത്ത ഊർജ പ്രതിസന്ധി നേരിട്ടിരുന്നു.
ഇതിനിടയിൽ, യുദ്ധാനന്തരം ഖത്തറുമായി വൈദ്യുതി പങ്കുവെക്കാൻ തയാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വൈദ്യുതി ഗ്രിഡ് ബന്ധിപ്പിക്കുന്നതിനായുള്ള പഠനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും ഇറാൻ വ്യക്തമാക്കി.
മറ്റ് ഗൾഫ് രാജ്യങ്ങളുമായും വൈദ്യുതി പങ്കുവെക്കുന്നതിനെക്കുറിച്ച് ഇറാൻ ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. അതേസമയം, വെള്ളിയാഴ്ചയോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന വാർത്തകൾ പുറത്തുവരുമ്പോഴും, ഷിപ്പിങ് കമ്പനികൾ ജാഗ്രതയിലാണ്.
സുരക്ഷാ ക്രമീകരണങ്ങളിലും കരാറുകളിലും വിശ്വാസ്യത ഉറപ്പുവരുത്താൻ സമയം ആവശ്യമാണെന്നും പൂർണ്ണതോതിലുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നുമാണ് പ്രധാന ഷിപ്പിങ് കമ്പനികളുടെ നിലപാട്. അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) കൂടി പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ആഗോള ഊർജ പ്രതിസന്ധിക്ക് വലിയൊരു പരിഹാരമാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

