പത്തനംതിട്ട ഇലന്തൂർ വാര്യാപുരം സ്വദേശിയായ ഷിബുവിനെ കാണാതായ സംഭവത്തിൽ അന്വേഷണ സംഘം പരിശോധന ഊർജ്ജിതമാക്കി. ഇദ്ദേഹത്തെ കാണാതായി ദിവസങ്ങൾ പിന്നിടുമ്പോഴും വിവരങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ, പരിശീലനം ലഭിച്ച കഡാവർ ഡോഗിനെ എത്തിച്ച് ആളൊഴിഞ്ഞ പ്രദേശങ്ങളിലും വനമേഖലയോട് ചേർന്ന ഭാഗങ്ങളിലും തെരച്ചിൽ നടത്തി.
കഴിഞ്ഞ മെയ് 31-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് രാവിലെ തടിപ്പണിക്കായി വീട്ടിൽ നിന്നും ഇറങ്ങിയ ഷിബുവിനെ പിന്നീട് കാണാതാകുകയായിരുന്നു.
അന്നേദിവസം രാത്രി അടുത്ത സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് ഷിബുവിനെ അവസാനമായി കണ്ടത്. ഇതിനുപിന്നാലെ, യുവാവിനെ കാണാതായതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. ഇദ്ദേഹം അവസാനമായി സന്ദർശിച്ച സുഹൃത്തിന്റെ വീടും പരിസരവും കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്.
വാര്യാപുരത്തെ റോഡരികിൽ നിന്നും ഷിബുവിന്റെ സ്കൂട്ടർ നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ന് ഏകദേശം രണ്ട് മണിക്കൂറോളം പോലീസ് നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ഷിബുവിന്റെ പക്കൽ മൊബൈൽ ഫോൺ ഇല്ലാത്തത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വരുംദിവസങ്ങളിലും അന്വേഷണം കൂടുതൽ വിപുലപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

