

കൊല്ലം: വിദ്യാർത്ഥിനികളോട് മോശമായി പെരുമാറുകയും മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങളും വീഡിയോയും അയച്ച അദ്ധ്യാപകൻ പിടിയിൽ. വെളിയം കായില മാധവസദനത്തിൽ പ്രകാശ് (63) ആണ് പിടിയിലായത്. ലാബ് ടെക്നീഷ്യൻ കോഴ്സ് അദ്ധ്യാപകനാണ് ഇയാൾ.
ക്ലാസിലെ വിദ്യാർത്ഥിനികളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുകയും ഇയാൾ ചെയ്തിരുന്നു. ഈ കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും വിദ്യാർത്ഥിനികളെ പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് കുട്ടികൾ വീട്ടുകാരെ വിവരം അറിയിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തതോടെയാണ് ഇയാൾ കുടുങ്ങുന്നത്. ചാത്തന്നൂരിലും സ്ഥാപനം നടത്തുന്ന ഇയാൾ അവിടെയും വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.