തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി ആവിഷ്കരിച്ചിരിക്കുന്ന സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ക്ക് നാളെ തുടക്കമാകും. രാവിലെ 8:30-ന് മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
ഉദ്ഘാടനത്തിന് ശേഷമായിരിക്കും സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പ്രാബല്യത്തിൽ വരിക. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 3125 ബസുകളിലാണ് സൗജന്യ യാത്ര സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.
ഈ ബസുകൾ തിരിച്ചറിയുന്നതിനായി മുൻവശത്തും വാതിലുകൾക്ക് സമീപവുമായി ‘പ്രിയദർശിനി’ എന്ന സ്റ്റിക്കറുകൾ ഇതിനോടകം പതിച്ചു കഴിഞ്ഞു. യാത്രയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കർശനമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
സീറോ ടിക്കറ്റ് സംവിധാനമാണെങ്കിലും യാത്രക്കാർ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റിൽ കൃത്യമായി രേഖപ്പെടുത്തണം. സൗജന്യ യാത്ര ഇല്ലാത്ത ബസുകളിൽ സ്ത്രീകൾ കയറുകയാണെങ്കിൽ ഇക്കാര്യം മുൻകൂട്ടി അറിയിക്കണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ, സ്ത്രീകൾക്കൊപ്പം യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് ടിക്കറ്റ് നിരക്ക് ബാധകമായിരിക്കും. അധിക ലഗേജുകൾ കൈവശമുള്ള പക്ഷം അവയ്ക്ക് നിശ്ചിത നിരക്കിൽ ചാർജ് ഈടാക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

