പുത്തൂർ പൂവറ്റൂർ കച്ചേരിമുക്ക് രാംലീലയിലെ ആർ. തുളസീധരൻ പിള്ളയുടെ കൃഷിയിടത്തിൽ അപൂർവ്വമായ കല്ലുവാഴകൾ കുലച്ചു നിൽക്കുന്നത് നാട്ടുകാർക്കിടയിൽ കൗതുകം പകരുന്നു.
താമരയിതളുകൾ വിരിഞ്ഞു നിൽക്കുന്നതിന് സമാനമായ പച്ച ദലങ്ങളും അതിനുള്ളിൽ ഒളിച്ചിരിക്കുന്ന പടലകളുമാണ് ഈ വാഴയുടെ പ്രത്യേകത. സാധാരണയായി മലനിരകളിൽ മാത്രം കണ്ടുവരുന്ന ഈ വാഴയിനം നാട്ടിൻപുറങ്ങളിൽ വളർത്തുന്നത് വളരെ അപൂർവ്വമാണ്.
ഈ വാഴയുടെ ഫലത്തിനുള്ളിലെ വിത്തുകൾക്ക് കല്ലുപോലെ കാഠിന്യമുള്ളതിനാലാണ് കല്ലുവാഴ എന്ന പേര് ലഭിച്ചത്. മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്ക് ഈ വിത്തുകൾ ഔഷധമായി ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു.
13 വർഷം മുൻപ് തിരുവനന്തപുരം ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കൊണ്ടുവന്ന വാഴത്തൈ നട്ടുകൊണ്ടാണ് തുളസീധരൻ പിള്ള കൃഷി ആരംഭിച്ചത്. 7 വർഷത്തിന് ശേഷം ആദ്യമായി കുലച്ച വാഴയിൽ നിന്ന് ലഭിച്ച വിത്തുകളിൽ ബാക്കിയുണ്ടായിരുന്നവ പാകിയതിൽ നിന്നാണ് ഇപ്പോൾ രണ്ട് വാഴകൾ കുലച്ചത്.
ഏകദേശം 12 അടിയോളം ഉയരമുള്ള ഈ വാഴകളുടെ കുല പൂർണ്ണമായി വിരിഞ്ഞു വരുമ്പോൾ അഞ്ചടിയിലധികം നീളം വെക്കാറുണ്ട്. പൂർണ്ണ വളർച്ചയെത്തി മൂപ്പെത്താൻ ഒരു വർഷത്തോളം സമയം ആവശ്യമാണ്.
റിട്ടയേർഡ് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയറായ ആർ. തുളസീധരൻ പിള്ളയുടെ കൃഷിയിടത്തിലെ ഈ അപൂർവ്വ കാഴ്ച കാണാൻ നിരവധി ആളുകളാണ് ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

