അമേരിക്കയിലെ ആരോഗ്യ ഇൻഷുറൻസ് മേഖലയിലെയും മരുന്നുവിലയിലെയും അമിതഭാരത്തെ രൂക്ഷമായി വിമർശിച്ച് യുഎസ് സ്വദേശിനിയായ വിക്ടോറിയ രംഗത്ത്. അമേരിക്കയിൽ 1,000 ഡോളർ (ഏകദേശം 84,000 രൂപ) വിലവരുന്ന മരുന്ന്, ഇന്ത്യയിൽ നിന്ന് വെറും 25 ഡോളറിന് (ഏകദേശം 2,100 രൂപ) തനിക്ക് ലഭിച്ചുവെന്ന യുവതിയുടെ വെളിപ്പെടുത്തൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
അമേരിക്കയിൽ ചികിത്സ തേടിയപ്പോൾ ഡോക്ടർ നിർദ്ദേശിച്ച ഒരു മരുന്നിനായി വലിയ തുക ചെലവഴിക്കേണ്ടി വന്നതാണ് വിക്ടോറിയയെ പുതിയ വഴികൾ തേടാൻ പ്രേരിപ്പിച്ചത്. ആറ് ഗുളികകൾ മാത്രമടങ്ങുന്ന ഈ മരുന്നിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
ഒടുവിൽ, ഡോക്ടറുടെ നിർദ്ദേശപ്രകാരം കനേഡിയൻ ഫാർമസി വഴി ഇന്ത്യൻ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് മരുന്ന് ഓർഡർ ചെയ്യാൻ വിക്ടോറിയ തീരുമാനിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് വിക്ടോറിയ പറയുന്നതിങ്ങനെ: “അമേരിക്കയിൽ എനിക്ക് 1,000 ഡോളർ ചിലവ് വരുമായിരുന്ന മരുന്നാണ് ഞാൻ വെറും 25 ഡോളറിന് വാങ്ങിയത്.
അതും വെറും ആറ് ചെറിയ ഗുളികകൾക്ക്! എന്റെ ഇൻഷുറൻസ് ഇത് കവർ ചെയ്യാത്തത് കൊണ്ടാണ് ഇത്രയും വലിയ തുക നൽകേണ്ടി വരുമായിരുന്നത്.” ഷിപ്പിംഗ് ചാർജ് ഉൾപ്പെടെയാണ് തുക ഇത്ര കുറഞ്ഞതെന്ന് അവർ വ്യക്തമാക്കി.
“അവർ എന്നോട് പറഞ്ഞത് വെറും 25 ഡോളർ മാത്രമാണ്. മരുന്നിന് 10 ഡോളറും, ഇന്ത്യയിലെ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് എന്റെ കൈകളിൽ എത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര ഷിപ്പിംഗ് ചാർജ് 15 ഡോളറും.
അങ്ങനെ ആകെ 25 ഡോളർ!” അമേരിക്കയിലെ ആരോഗ്യസംവിധാനങ്ങൾ സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് വിക്ടോറിയ ആരോപിക്കുന്നു. “അമേരിക്കയിലെ നമ്മുടെ ആരോഗ്യസംവിധാനം ഒരു തമാശയാണ്.
നമ്മൾ പൂർണ്ണമായും വഞ്ചിക്കപ്പെടുകയാണ്. ഈ മരുന്നിന് ഇവിടെ എങ്ങനെയാണ് 1,000 ഡോളർ വില വരുന്നത്? അതേ മരുന്ന് എനിക്ക് വെറും 10 ഡോളറിന് (ഷിപ്പിംഗ് ഒഴികെ) വാങ്ങാൻ കഴിഞ്ഞു.
അങ്ങനെയെങ്കിൽ അമേരിക്കയിൽ ഞാൻ കൊടുക്കേണ്ടി വരുമായിരുന്ന ആ 1,000 ഡോളർ ആർക്കാണ് പോകുന്നത്? അതൊരു ചോദ്യം മാത്രമാണ്, ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും,” വിക്ടോറിയ കൂട്ടിച്ചേർത്തു. വിക്ടോറിയ പങ്കുവെച്ച ഈ അനുഭവം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
നിരവധി പേരാണ് അമേരിക്കയിലെ മരുന്നുവിലയിലെ അന്തരം ചൂണ്ടിക്കാട്ടി പ്രതികരണങ്ങളുമായി എത്തുന്നത്. ഇന്ത്യയിലേക്ക് വിനോദയാത്ര നടത്തി മരുന്നുകൾ വാങ്ങുന്നതാണ് ലാഭകരമെന്ന അഭിപ്രായവും സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

