സംസ്ഥാനത്ത് മഴയുടെ ശക്തി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തെ 11 ജില്ലകളിൽ വിവിധ തലത്തിലുള്ള മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത പുലർത്തുന്നതിനായി റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കർശനമായി തുടരും. മലയോര മേഖലകളിൽ മഴ കനക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത വേണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ: പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും കാഴ്ച മങ്ങുന്നത് വഴി ഗതാഗത തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. മരങ്ങൾ കടപുഴകി വീഴുന്നത് വൈദ്യുതി ബന്ധം തകരാറിലാക്കാനും അപകടങ്ങൾക്കും കാരണമായേക്കാം.
കൂടാതെ, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. വീടുകൾക്കും മറ്റ് നിർമ്മിതികൾക്കും ഭാഗിക നാശനഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത കേന്ദ്രങ്ങളിൽ തുടരാനും, ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാനും നിർദ്ദേശമുണ്ട്. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ വേണ്ട
മുൻകരുതലുകൾ കൈക്കൊള്ളുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

