നമ്മുടെ ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ കാര്യങ്ങൾ പലപ്പോഴും വലിയ തിരിച്ചറിവുകളിലേക്കാണ് നയിക്കാറുള്ളത്. സിംഗപ്പൂരിൽ താമസിക്കുന്ന സാക്ഷി എന്ന യുവതിക്ക് മെട്രോ യാത്രയിലുണ്ടായ അത്തരമൊരു അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
യൂണിവേഴ്സൽ സ്റ്റുഡിയോ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഈ സംഭവം നടന്നതെന്ന് സാക്ഷി തന്റെ വീഡിയോയിലൂടെ പങ്കുവെക്കുന്നു. സംഭവത്തെക്കുറിച്ച് സാക്ഷി പറയുന്നതിങ്ങനെ: “സിംഗപ്പൂരിൽ വച്ച് ഞങ്ങൾ യൂണിവേഴ്സൽ സ്റ്റുഡിയോസിൽ നിന്ന് പുറത്തിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.
ആ സമയത്ത് അവിടെ കൊടും ചൂടായിരുന്നു. കുഞ്ഞ് എൻ്റെ തോളിൽ കിടന്ന് ഉറങ്ങുകയായിരുന്നു, ഞങ്ങൾ രണ്ടുപേരും നന്നായി വിയർക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് മെട്രോ വന്നത്, ഞങ്ങൾ അതിൽ കയറി. പതിവുപോലെ മെട്രോയിൽ നല്ല തിരക്കുണ്ടായിരുന്നു.” മെട്രോയിൽ കയറിയ ഉടൻ തന്നെ തനിക്ക് ഇരിക്കാൻ വേണ്ടി അഞ്ചാറുപേർ സീറ്റൊഴിഞ്ഞു കൊടുക്കാൻ സന്നദ്ധരായി എഴുന്നേറ്റു.
എന്നാൽ, ഇതിൽ ഒരു സീറ്റിലേക്ക് കുഞ്ഞുമായി പോകാൻ ശ്രമിച്ചപ്പോൾ, 35 – 40 വയസ്സ് പ്രായം തോന്നിക്കുന്ന മറ്റൊരു സ്ത്രീ ഓടിവന്ന് ആ സീറ്റിൽ ഇരിക്കുകയായിരുന്നു. ശാരീരികമായ അവശതകളൊന്നും പ്രകടമല്ലാത്ത ഒരു ഇന്ത്യക്കാരിയായിരുന്നു അവരെന്നും സാക്ഷി കൂട്ടിച്ചേർത്തു.
തുടർന്ന് മറ്റൊരു സ്ത്രീ സാക്ഷിയെ സഹായിക്കാൻ മുന്നോട്ടുവരികയും തന്റെ സീറ്റ് അവർക്ക് നൽകുകയും ചെയ്തു. മാത്രമല്ല, യാത്രയിലുടനീളം ഏകദേശം 15 മിനിറ്റോളം ആ സ്ത്രീ സാക്ഷിക്കും കുഞ്ഞിനും വീശിക്കൊടുക്കുകയും ചെയ്തു.
ഈ സന്ദർഭത്തെക്കുറിച്ച് ആ സ്ത്രീ പറഞ്ഞ വാക്കുകൾ സാക്ഷിയെ ഏറെ സ്പർശിച്ചു. “അതൊന്നും സാരമില്ല, ഇത് എന്റെ കടമയാണ്.
കാരണം നിങ്ങൾ വളർത്തുന്നത് ഈ നാടിന്റെ ഭാവി തലമുറയെയാണ്, ഒരു കുഞ്ഞുമായി ഇങ്ങനെ യാത്ര ചെയ്യുന്നതും നടക്കുന്നതുമൊക്കെ എത്ര ബുദ്ധിമുട്ടാണെന്ന് എനിക്ക് നന്നായി അറിയാം” എന്നായിരുന്നു ആ സ്ത്രീയുടെ പ്രതികരണം. ഒരാളുടെ സ്വാർത്ഥതയും മറ്റൊരാളുടെ കരുതലും തിരിച്ചറിഞ്ഞ ഈ യാത്ര ഒരിക്കലും മറക്കാനാവില്ലെന്ന് സാക്ഷി വ്യക്തമാക്കുന്നു.
ഈ വീഡിയോയ്ക്ക് താഴെ സീറ്റ് കൈക്കലാക്കിയ വ്യക്തിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

