പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ സൃഷ്ടിക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ, കൂടുതൽ നയപരമായ ഇടപെടലുകൾക്ക് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ നടപ്പിലാക്കിയതിന് സമാനമായ വലിയ പാക്കേജുകൾക്ക് പകരം, സാഹചര്യങ്ങൾക്കനുസൃതമായി കൃത്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
രാജ്യത്തിന് അത്യന്താപേക്ഷിതമായ പെട്രോളിയം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുക, വ്യാവസായിക ഉൽപ്പാദനം സുഗമമാക്കുക എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്. രൂപയുടെ വിനിമയ മൂല്യം നിലനിർത്തുന്നതിനും വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സൂചനയുണ്ട്.
വിദേശ നാണ്യശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വർണ്ണ ഇറക്കുമതി തീരുവ നേരത്തെ തന്നെ സർക്കാർ വർധിപ്പിച്ചിരുന്നു. പൗരന്മാർ ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശവും ഇതിനോടൊപ്പം പുറപ്പെടുവിച്ചിരുന്നു.
കൂടാതെ, എണ്ണവില വർധനവിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ വ്യോമയാന മേഖലയ്ക്കായി പ്രത്യേക ഫണ്ടും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) അടിസ്ഥാന പലിശനിരക്കിൽ കഴിഞ്ഞ ദിവസം മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല.
തുടർച്ചയായ മൂന്നാം തവണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. ഇതിലൂടെ രാജ്യത്തെ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കായ റീപ്പോ നിരക്ക് 5.25% ആയി തുടരും.
ആയതിനാൽ, വരും രണ്ടു മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ല. എങ്കിലും, വരാനിരിക്കുന്ന പണനയ യോഗങ്ങളിൽ പലിശ നിരക്ക് ഉയർത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.
ഓഗസ്റ്റ് മൂന്നു മുതൽ അഞ്ചു വരെയാണ് അടുത്ത യോഗം നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലെ യോഗങ്ങളിൽ 25 ബേസിസ് പോയിന്റ് വീതം നിരക്ക് വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ പ്രവചിക്കുന്നു.
നിരക്ക് വർധനവിന്റെ പ്രത്യാഘാതങ്ങൾ റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തുകയാണെങ്കിൽ സാമ്പത്തിക മേഖലയിൽ ദൂരവ്യാപകമായ മാറ്റങ്ങൾ സംഭവിക്കും. ബാങ്കുകൾ ആർബിഐയിൽ നിന്ന് വായ്പയെടുക്കുമ്പോൾ നൽകേണ്ട
പലിശ വർധിക്കും. ഈ ബാധ്യത ബാങ്കുകൾ ഉപഭോക്താക്കളിലേക്ക് കൈമാറാൻ സാധ്യതയുള്ളതിനാൽ, വായ്പകളുടെ ഇഎംഐ തുകയോ തിരിച്ചടവ് കാലാവധിയോ വർധിക്കാം.
എന്നാൽ ബാങ്ക് നിക്ഷേപകർക്ക് ഈ മാറ്റം നേട്ടമായി മാറും, നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ ലഭിക്കാൻ ഇത് വഴിയൊരുക്കും. വായ്പകളുടെ ചെലവ് കൂടുന്നത് പൊതുജനങ്ങളുടെയും കമ്പനികളുടെയും ചെലവിടൽ കുറയ്ക്കാൻ കാരണമായേക്കാം, ഇത് വിപണിയിൽ താൽക്കാലിക മന്ദത സൃഷ്ടിച്ചേക്കാം.
എന്നിരുന്നാലും, ഉയർന്ന പലിശ നിരക്ക് വിദേശ നിക്ഷേപങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കാനും രൂപയുടെ വിനിമയ മൂല്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇത് ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും സഹായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

