പത്തനംതിട്ട ജില്ലയിൽ സാമൂഹിക പ്രതിബദ്ധതയുടെ പുതിയ മാതൃക തീർത്ത് സ്വകാര്യ ബസ് ഉടമയുടെ തീരുമാനം. ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന 18 ബസുകളിലാണ് മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കുമായി സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയത്.
കരിമാൻതോട്, തണ്ണിത്തോട് ഉൾപ്പെടെ അഞ്ച് റൂട്ടുകളിലാണ് ഈ ആനുകൂല്യം ലഭ്യമാക്കിയിരിക്കുന്നത്. ആനുകൂല്യം ആർക്കൊക്കെ
75 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും, നാലാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കുമാണ് ഈ സേവനം ലഭിക്കുക.
യാത്രക്കാർ തങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ ബസ് ജീവനക്കാരെ കാണിക്കേണ്ടതാണ്. പത്തനംതിട്ടയിൽ നിന്ന് ആരംഭിക്കുന്ന കരിമാൻതോട്, കോന്നി, തണ്ണിത്തോട് വഴി വയ്യാറ്റുപുഴ, സീതത്തോട് റൂട്ടുകളിലും, കോന്നിയിൽ നിന്ന് ചെങ്ങറ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ബ്ലൂഹിൽ ബസുകളിലുമാണ് നിലവിൽ സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.
പദ്ധതി നിലവിൽ വന്ന ആദ്യ ദിവസം തന്നെ 73 മുതിർന്ന പൗരന്മാർ ഇതിന്റെ പ്രയോജനം നേടി. നിലവിൽ ഈ ഇനത്തിൽ ഏകദേശം 6,000 രൂപയുടെ വരുമാനനഷ്ടം പ്രതിദിനം ഉണ്ടാകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
കൂടാതെ, ക്യാൻസർ രോഗികൾക്കും ഡയാലിസിസ് ചികിത്സയ്ക്കായി പോകുന്നവർക്കും ഈ ബസുകളിൽ ദീർഘകാലമായി സൗജന്യ യാത്ര അനുവദിക്കുന്നുണ്ട്. സാമുവൽ വർഗീസ് ബ്ലൂഹിൽ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ
കോന്നി അട്ടച്ചാക്കൽ സ്വദേശിയായ ജോബി പി.സാം തന്റെ പിതാവ് സാമുവൽ വർഗീസിന്റെ സ്മരണാർത്ഥം രൂപീകരിച്ച സാമുവൽ വർഗീസ് ബ്ലൂഹിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ സാമൂഹിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
ജോബിയുടെ മാതാവ് മേരിക്കുട്ടി സാമുവൽ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചത്. പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് 25,000 സ്കൂൾ ബുക്കുകളുടെ വിതരണവും, ഒമ്പത് കുട്ടികളുടെ പൂർണ്ണമായ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്ത് നടത്തുന്ന സംരക്ഷണ പദ്ധതികളും ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

