ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി ആലപ്പുഴ നങ്ങ്യാർകുളങ്ങര ജംക്ഷനിലുള്ള പത്തുനില ഫ്ലാറ്റ് സമുച്ചയം പൊളിച്ചുമാറ്റുന്ന നടപടികൾ ആരംഭിച്ചു. ജില്ലയിൽ ദേശീയപാത നിർമാണത്തിനായി പൊളിക്കുന്ന ഏറ്റവും വലിയ കെട്ടിടമാണിത്.
മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് അതീവ സുരക്ഷയോടെയാണ് കെട്ടിടം തകർക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഈ കെട്ടിടത്തിലെ രണ്ടു ബ്ലോക്കുകളിലായി താമസിച്ചിരുന്ന 18 കുടുംബങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു.
തുടർന്ന് ഇവർക്ക് മതിയായ നഷ്ടപരിഹാരവും നൽകി. തുടക്കത്തിൽ ദേശീയപാത അതോറിറ്റി ഫ്ലാറ്റിന്റെ ഒരു ഭാഗം മാത്രം ഏറ്റെടുക്കാനാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ കെട്ടിടത്തിന്റെ ബാക്കി ഭാഗത്തിന്റെ സുരക്ഷയെയും ഉറപ്പിനെയും ഇത് ബാധിക്കുമെന്ന ആശങ്ക താമസക്കാർ ഉന്നയിച്ചു. ഇതിനെത്തുടർന്ന് താമസക്കാർ ഹൈക്കോടതിയെ സമീപിക്കുകയും, തുടർന്ന് മുഴുവൻ ഫ്ലാറ്റും ഏറ്റെടുക്കാൻ അധികൃതർ നിർബന്ധിതരാവുകയുമായിരുന്നു.
നിലവിൽ താമസക്കാർക്ക് ഫ്ലാറ്റിന്റെ മൂല്യം ഉൾപ്പെടെ ഏകദേശം 15 കോടിയോളം രൂപ വിതരണം ചെയ്തിട്ടുണ്ട്. ഫ്ലാറ്റിലെ പൊതുസ്ഥലത്തിന്റെ അവകാശത്തർക്കം നിലനിൽക്കുന്നതിനാൽ, ആർബിട്രേറ്റർ നിശ്ചയിക്കുന്ന തുക പിന്നീട് നൽകുമെന്ന് ഭൂമിയേറ്റെടുക്കൽ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നങ്ങ്യാർകുളങ്ങരയിൽ 35 മീറ്റർ നീളമുള്ള സ്പാനുകളോടു കൂടിയ ഉയരപ്പാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഫ്ലാറ്റ് സ്ഥിതി ചെയ്തിരുന്ന ഭാഗത്ത് നിർമാണം തടസ്സപ്പെട്ടിരുന്നെങ്കിലും, ഇപ്പോൾ അത് നീങ്ങിയതോടെ പണി പൂർണതോതിൽ പുനരാരംഭിച്ചു.
ഒരു മാസത്തിനുള്ളിൽ ഫ്ലാറ്റ് പൂർണമായും പൊളിച്ചുനീക്കി സ്ഥലം നിർമാണത്തിനായി സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

