കുവൈത്ത് സിറ്റിയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരിൽ മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട്. ആകെ 12 ഇന്ത്യക്കാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഇതിൽ മൂന്ന് പേർ മലയാളികളാണെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
കുവൈത്തിലെ അമേരിക്കൻ ഡ്രോൺ സംഭരണ കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. അലി അൽ സലീം എയർ ബേസിലെ വിമാനങ്ങളെയും തങ്ങൾ ലക്ഷ്യമിട്ടതായി ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ മുന്നോട്ടുപോകുന്നുവെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ അവകാശവാദത്തെ ഇറാൻ തള്ളിക്കളഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും ഇറാൻ അറിയിച്ചു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ, ഇറാനുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിട്ടുപോകണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
കുവൈത്തിന് നേരെ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ജിസിസി രാജ്യങ്ങൾ ഇറാനെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇറാനിയൻ ആക്രമണങ്ങളെ ജിസിസി കൂട്ടായ്മ ശക്തമായി അപലപിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മേഖലയിലേക്ക് വ്യാപിക്കുന്നതിന്റെ ആശങ്കയിലാണ് നിലവിൽ ഗൾഫ് രാജ്യങ്ങൾ.
ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

