മഞ്ചേശ്വരം മേഖലയിൽ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് വൻതോതിൽ കർണാടക നിർമിത വിദേശ മദ്യം പിടികൂടി. സംഭവത്തിൽ മീഞ്ച കുളൂർ കെമ്മങ്കള ചാർള സ്വദേശിയായ പ്രജ്വൽ (25) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മഞ്ചേശ്വരം എസ്ഐ കെ.ആർ.ഉമേഷ് നേതൃത്വം നൽകിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ഉപ്പള ഗേറ്റിന് സമീപമുള്ള ദേശീയപാതയിലാണ് സംഭവം.
സർവീസ് റോഡിനോട് ചേർന്ന് ഓവുചാൽ നിർമാണത്തിനായി എടുത്ത ആറടി താഴ്ചയുള്ള കുഴിയിലേക്കാണ് അമിതവേഗതയിലെത്തിയ കാർ മറിഞ്ഞത്. പ്രദേശത്ത് ഓവുചാൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ വാഹനഗതാഗതം നിയന്ത്രിച്ചിരുന്നു.
ഈ നിർദേശങ്ങൾ അവഗണിച്ച് അതിവേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം വാഹനം പരിശോധിച്ചപ്പോഴാണ് വൻ മദ്യശേഖരം കണ്ടെത്തിയത്.
പെട്ടികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. കാറിൽ നിന്ന് 180 മില്ലി ലീറ്ററിന്റെ 1483 കുപ്പികളും, 90 മില്ലി ലീറ്ററിന്റെ 763 ടെട്രാ പാക്കറ്റുകളുമാണ് പോലീസ് കണ്ടെടുത്തത്.
പ്രതിയെയും മദ്യക്കടത്തിന് ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

