ഷാർജയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിലുണ്ടായ തർക്കത്തെ തുടർന്ന് മലയാളി യുവാവ് കൊല്ലപ്പെട്ടു. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ (40) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലുപേരെ ഷാർജ പോലീസ് കസ്റ്റഡിയിൽ എടുത്തു. സമൂഹമാധ്യമത്തിലെ ലൈവ് വീഡിയോയിൽ നടന്ന വാഗ്വാദങ്ങളും ഭീഷണികളും ഒടുവിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു.
ഇതിന്റെ ഭാഗമായി ഷാർജ അൽ നഹ്ദയിൽ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ കുത്തേറ്റ ഇസ്മായിൽ പൊന്നൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ദീർഘകാലമായി ദുബായിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
മരണപ്പെട്ട ഇസ്മായിൽ പൊന്നൻന്റെ മൃതദേഹം നിലവിൽ അൽ ഖാസ്മിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യയും മക്കളും നാട്ടിലാണ്.
ഇദ്ദേഹത്തിന്റെ സഹോദരൻ ദുബായിൽ ജോലി ചെയ്യുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

