

അധികൃതരുടെ അനാസ്ഥയിൽ ജില്ലാ സ്കൂള്‍ കായികമേള നടക്കേണ്ട സ്റ്റേഡിയത്തിന് ദുര്‍ഗതി; പാലാ നഗരസഭാ സേ്റ്റഡിയത്തിലെ സിന്തറ്റിക് ട്രാക്ക് തകര്‍ന്നിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍; എം.ജി. യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിന് ആഥിത്യമരുളുന്നതും ട്രാക്ക് തകര്‍ന്ന ഈ സേ്റ്റഡിയം തന്നെ
സ്വന്തം ലേഖകൻ
പാലാ: നഗരസഭാ സേ്റ്റഡിയത്തിലെ സിന്തറ്റിക് ട്രാക്ക് തകര്‍ന്നിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. ഒക്ടോബര്‍ 6 മുതല്‍ 8 വരെ ജില്ലാ സ്കൂള്‍ കായികമേള നടക്കേണ്ട സ്റ്റേഡിയത്തിനാണ് ഈ ദുര്‍ഗതി. ഡിസംബര്‍ ആദ്യ ആഴ്ച എം.ജി. യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിന് ആഥിത്യമരുളുന്നതും ട്രാക്ക് തകര്‍ന്ന ഈ സേ്റ്റഡിയം തന്നെയാണ്.
എന്നാല്‍ ഇത് നന്നാക്കാനുള്ള ഒരു നടപടിയും ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലന്ന് മാത്രം.കോടികള്‍ മുടക്കി പണിത സ്റ്റേഡിയം സംരക്ഷിക്കാന്‍ പാലാ നഗരസഭയ്ക്ക് ഫണ്ടില്ലന്നതാണ് പ്രധാന തടസം. സംസ്ഥാന സര്‍ക്കാരും കായിക വകുപ്പും കനിഞ്ഞെങ്കില്‍ മാത്രമേ കെ.എം. മാണിയുടെ സ്മാരകമായി നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന് പുനര്ജീവനാകൂ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
2017-ലാണ് തന്റെ സ്വപ്ന പദ്ധതി കെ.എം. മാണി യാഥാര്‍ത്ഥ്യമാക്കിയത്. പാലാ മുനിസിപ്പല്‍ സേ്റ്റഡിയം അത്യാധുനിക രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ 23 കോടി രൂപയാണ് ചിലവഴിച്ചത്. മനോഹരമായ സിന്തറ്റിക്ക് ട്രാക്കും ഗ്രീന്‍ഫീല്‍ഡ് ഗ്രൗണ്ടും അന്ന് ഒരുക്കിയിരുന്നു.നിര്‍മ്മാണം പൂര്ത്തീകരിച്ചതില്പ്പിന്നെ അറ്റകുറ്റപണികളൊന്നും നടന്നിട്ടില്ല.
പിന്നീടുണ്ടായ രണ്ട് വെള്ളപ്പൊക്കങ്ങളിലും ട്രാക്കില്‍ ചെളിയടിഞ്ഞു. ഇതോടെ കേടുപാടുകള്‍ തുടങ്ങി. ഇപ്പോള്‍ നെടുനീളെ ട്രാക്ക് വിണ്ടുകീറിയ അവസ്ഥയിലാണ്. മുനിസിപ്പല്‍ സേ്റ്റഡിയത്തിലെ സിന്തറ്റിക് ട്രാക്കിന്റെ ഫിനിഷിംഗ് പോയിന്റ് ഭാഗത്താണ് ഏറെ തകര്‍ച്ചയെന്ന് പ്രമുഖ കായികാദ്ധ്യാപകനും പരിശീലകനുമായ തങ്കച്ചന് മാത്യു പറഞ്ഞു.
400 മീറ്ററിന്റെ ഫിനിഷിംഗ് പോയിന്റില്‍ മാത്രം 80 മീറ്ററില്‍ കൂടുതല്‍ ദൂരത്തില്‍ ട്രാക്ക് അപ്പാടെ പൊളിഞ്ഞിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ക്കൊണ്ട് ഇനി കാര്യമില്ല. മുഴുവന്‍ പുതുക്കിപ്പണിയേണ്ടതുണ്ട്. ഇതിനായി കോടികള്‍ വേണ്ടിവരുമെന്നും ഡോ. തങ്കച്ചന് മാത്യു പറയുന്നു.
സ്റ്റേഡിയത്തിലെ ട്രാക്ക് നന്നാക്കാന്‍ ചുരുങ്ങിയത് നാലുകോടി രൂപയെങ്കിലും വേണമെന്നാണ് കായിക വിദഗ്ധര്‍ പറയുന്നതെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ പറഞ്ഞു. ഇത്രയും തുക മുടക്കാന്‍ നഗരസഭയ്ക്കാവില്ല. സര്‍ക്കാരില്‍ നിന്നോ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നോ വേണം സഹായം ലഭിക്കാന്‍. ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
ട്രാക്ക് നിര്‍മ്മിച്ചതില്‍ പിന്നീട് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടേയില്ലയെന്നത് പ്രധാന പോരായ്മയാണെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് പ്രഫ. സതീശ് ചൊള്ളാനി പറഞ്ഞു. ട്രാക്കില്‍ കേടുപാടുകള്‍ കണ്ടയുടനേതന്നെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായിരുന്നു. അതുണ്ടായില്ല. ഇനിയെങ്കിലും എം.എല്‍.എ. ഫണ്ടോ എം.പി. ഫണ്ടോ ലഭ്യമാക്കാന്‍ ശ്രമിച്ച് ട്രാക്ക് പുനര്‍നിര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]