ഈ വർഷത്തെ ഓണം റിലീസായെത്തി വൻ വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ.ഡി.എക്സ്. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. മലയാളി പ്രേക്ഷകർ ഇന്നേവരെ കണ്ടിട്ടില്ലാത്തതരം ആക്ഷൻ രംഗങ്ങളായിരുന്നു അൻപറിവ് മാസ്റ്റേഴ്സ് ചിത്രത്തിനായി ഒരുക്കിയത്. സിനിമയുടെ ക്ലൈമാക്സ് ആക്ഷൻ രംഗം ചിത്രീകരിക്കവേ കാലിന് പരിക്കേറ്റ സംഭവത്തേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നീരജ് മാധവ്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നീരജ് മാധവ് ആർ.ഡി.എക്സ് ചിത്രീകരണത്തിനിടെ പറ്റിയ പരിക്കിനേക്കുറിച്ച് വെളിപ്പെടുത്തുന്നത്. ‘‘ക്ലൈമാക്സ് ഫൈറ്റിൽ ഞാനൊരാളെ കിക്ക് ചെയ്തിട്ട് ഇങ്ങനെ തന്നെ നിൽക്കണം. പക്ഷേ അതിനു താഴെ ഫോം പാഡ്സ് വച്ചിട്ടുണ്ട്. അതിൽ കാൽ സ്റ്റക്ക് ആയി ‘ടക്കേ’ എന്നൊരു ശബ്ദം കേട്ട് ഞാൻ വീണു. കാലിനു വലിയ പരുക്ക് പറ്റിയെന്നും പടത്തിൽ നിന്നും ഞാൻ മാറേണ്ടി വരുമെന്നും ചിന്തിച്ചുപോയി. അൻപറിവ് മാസ്റ്റേഴ്സ് വന്ന ആദ്യ ദിനം കൂടി ആയിരുന്നു അത്.’’–നീരജ് മാധവ് പറഞ്ഞു.
തന്റെ കഴിവിൽ വിശ്വസിച്ച ചുരുക്കം ചിലർക്ക് നന്ദിയുണ്ടെന്നും തന്നെ സംശയിക്കുകയും തുരങ്കം വയ്ക്കുകയും ചിരിക്കുകയും ചെയ്ത മുഴുവൻ പേർക്കും നന്ദിയുണ്ടെന്നും വീഡിയോക്കൊപ്പം നീരജ് മാധവ് കുറിച്ചു. അതെല്ലാം തന്റെ അഭിലാഷത്തിന് ആക്കം കൂട്ടുക മാത്രമാണ് ചെയ്തത്. ചിലത് നമ്മുടെ നിയന്ത്രണത്തിലാണ്, മറ്റുള്ളവ അങ്ങനെയല്ല. എന്നാൽ ഇത്തവണ കാര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു, അതിന് അതിയായ നന്ദിയുണ്ട്. ഒരിക്കലും ഈ വിജയത്തെ നിസ്സാരമായി കാണില്ല. മെച്ചപ്പെടുത്താനും പുനർനിർമ്മിക്കാനും നിരന്തരം ശ്രമിക്കുമെന്നും നീരജ് കൂട്ടിച്ചേർക്കുന്നു.
സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് ‘ആർ.ഡി.എക്സ്’ തിയേറ്ററുകളിലെത്തിയത്. ഈയിടെ ചിത്രം 100 കോടി രൂപയുടെ ബിസിനസും സ്വന്തമാക്കിയിരുന്നു. എൺപത് കോടിയോളമാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് കരസ്ഥമാക്കിയത്. സാം സി. എസാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനേതാക്കളായുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]