നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുള്ള കുട്ടി ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവം നാടിനെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.
സംഭവത്തിൽ കുട്ടിയുടെ അമ്മ അഖില, ഇവരുടെ പങ്കാളി അഷ്കർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ താമസിച്ചിരുന്ന വീട്ടിലെ കാര്യങ്ങളെക്കുറിച്ച് പുറംലോകത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
പ്രദേശവാസികളുമായി ഇവർ കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. “വീട്ടിൽ നടക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ലായിരുന്നുവെന്നും വീട്ടിലേക്ക് ആരെങ്കിലും വരുന്നത് പോലും അഷ്കറിന് ഇഷ്ടമില്ലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.” ബന്ധുക്കൾ വീട്ടിലെത്തുന്നത് പോലും അഷ്കർ എതിർത്തിരുന്നതായി വിവരങ്ങളുണ്ട്.
കുട്ടിയുടെ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ പ്രതികൾ പ്രത്യേക മുൻകരുതലുകൾ എടുത്തിരുന്നതായും, കുട്ടിയുടെ കൈയ്ക്കുണ്ടായ പരിക്ക് മർദനം മൂലമാണെന്നും അയൽവാസികൾ സംശയം പ്രകടിപ്പിക്കുന്നു. അയൽക്കാരുമായി കുട്ടി സൗഹൃദത്തിലാകാൻ ശ്രമിച്ചാൽ അഷ്കർ അത് തടയാറുണ്ടായിരുന്നെന്നും സമീപവാസികൾ ഓർക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലൻസ് എത്തിയ ഉടൻ തന്നെ അഷ്കർ കുട്ടിയുമായി അതിവേഗം ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
തൊണ്ടയിൽ ഭക്ഷണം കുരുങ്ങി കുട്ടി ഛർദിച്ചുവെന്നായിരുന്നു ഇവർ നൽകിയ മൊഴി. തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട
കുട്ടി, ശനിയാഴ്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ കേസിനെ കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തിച്ചു.
കുട്ടി അതിക്രൂരമായ ശാരീരിക മർദനത്തിനിരയായതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അമ്മ അഖിലയെയും അഷ്കറിനെയും കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

