കാലവർഷക്കെടുതികൾ കണക്കിലെടുത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കടലിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കണമെന്നതാണ് പ്രധാന ആവശ്യം. മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, ദുരന്തനിവാരണ അതോറിറ്റി എന്നീ ഏജൻസികളുടെ ഏകോപനത്തോടെ വേണം ഈ കൺട്രോൾ റൂം പ്രവർത്തിക്കാൻ.
ദുരന്തസാധ്യത കൂടുതലുള്ള തീരദേശ മേഖലകളിൽ അത്യാധുനിക രക്ഷാപ്രവർത്തന ബോട്ടുകൾ, ലൈഫ് സേവിങ് ഉപകരണങ്ങൾ, ജിപിഎസ് സംവിധാനങ്ങൾ, വയർലെസ് കമ്യൂണിക്കേഷൻ സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിലുണ്ടാകുന്ന അപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ തീരദേശ ആശുപത്രികളെ ഏകോപിപ്പിക്കണം.
പ്രധാന മത്സ്യബന്ധന തുറമുഖങ്ങളിൽ ഇതിനായി പ്രത്യേക ആംബുലൻസ് സൗകര്യം ഒരുക്കണം. കൂടാതെ, കാലാവസ്ഥാ മുന്നറിയിപ്പുകൾ തത്സമയം മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം കാര്യക്ഷമമാക്കണമെന്നും എംപി നിർദേശിച്ചു.
മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, സുരക്ഷാ ക്രമീകരണങ്ങൾക്കായി സമഗ്രമായ കർമ്മപദ്ധതി തയ്യാറാക്കണമെന്നും കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

