കോയമ്പത്തൂർ സുലൂരിൽ പത്തുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ വിശദീകരണം നൽകാനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചിരിച്ചുകളിച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അതീവ നിരുത്തരവാദപരമാണെന്ന വിമർശനമാണ് ഉയരുന്നത്. കോയമ്പത്തൂർ റേഞ്ച് ഡിഐജി പി സാമിനാഥൻ, കോയമ്പത്തൂർ എസ്പി അല്ലാട്ടിപ്പള്ളി പവൻ കുമാർ റെഡ്ഡി, വെസ്റ്റ് സോൺ ഐജി ആർ വി രമ്യ ഭാരതി എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
കേസിന്റെ ഗൗരവം പരിഗണിക്കാതെ ഉദ്യോഗസ്ഥർ പരസ്പരം സംസാരിച്ച് ചിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. “ഒരു ചെറിയ കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട
സംഭവത്തിൽ സംസ്ഥാനം മുഴുവൻ ദുഃഖത്തിലാണ്. പക്ഷേ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വലിയ സന്തോഷത്തിലാണ്” എന്നിങ്ങനെ രൂക്ഷമായ ഭാഷയിലാണ് സമൂഹമാധ്യമങ്ങൾ ഇതിനോട് പ്രതികരിക്കുന്നത്.
വിവാദമായ വീഡിയോയോട് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് വ്യവസായ മന്ത്രി കീർത്തന നൽകിയ മറുപടിയും രാഷ്ട്രീയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. ഔദ്യോഗിക യോഗത്തിന് ശേഷം മാധ്യമപ്രവർത്തകർ കൊലപാതകത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഭരണപരമായ കാര്യങ്ങൾക്ക് മാത്രമേ മറുപടി നൽകൂ എന്ന് പറയുകയും പുഞ്ചിരിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
എന്നാൽ, തന്റെ ശരീരഭാഷ തെറ്റായി വ്യാഖ്യാനിച്ച് മനഃപൂർവ്വം വളച്ചൊടിച്ചതാണെന്ന് കീർത്തന വ്യക്തമാക്കി. സുലൂരിൽ വീടിനു മുൻപിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിൽ വഴിത്തിരിവുണ്ടായത്.
പ്രതികളായ കാർത്തി, മോഹൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ശക്തമായി അപലപിച്ചു. “പത്തു വയസ്സുകാരിക്ക് നേരെയുണ്ടായ ക്രൂരമായ സംഭവം കടുത്ത ദുഃഖവും ഞെട്ടലും ഉണ്ടാക്കുന്നു.
ഇത്തരം ക്രിമിനൽ കുറ്റങ്ങൾ നമ്മുടെ സമൂഹത്തിൽ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാകില്ലെന്നാണ്” ജോസഫ് വിജയ് പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

