ഇന്ത്യയെ ലോകത്തെ മുൻനിര ആയുധ കയറ്റുമതി രാജ്യങ്ങളിലൊന്നായി മാറ്റുമെന്ന കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ഓഹരി വിപണിയിൽ പ്രതിരോധ മേഖലയ്ക്ക് വലിയ ഉണർവേകി. അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ രാജ്യം ഈ ലക്ഷ്യം കൈവരിക്കുമെന്നും, പ്രതിരോധ ഉൽപാദനത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഷിർദിയിൽ നടന്ന ആർട്ടിലറി നിർമാണ ഫാക്ടറിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. വിപണിയിലെ മുന്നേറ്റം
മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിരോധ മേഖലയിലെ സ്വകാര്യ കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടമാണ് രേഖപ്പെടുത്തിയത്.
അപ്പോളോ മൈക്രോ സിസ്റ്റം ഓഹരികൾ 11 ശതമാനം ഉയർന്നു. ആസ്ട്രമൈക്രോ വർക്ക് 4.7 ശതമാനവും, പരസ് ഡിഫൻസ് 5.47 ശതമാനവും വർധന കൈവരിച്ചു.
കൂടാതെ ഡിസിഎക്സ് സിസ്റ്റംസ്, ഡേറ്റ പ്ലാറ്റ്ഫോംസ് തുടങ്ങിയ ഓഹരികളും മികച്ച പ്രകടനം കാഴ്ചവെച്ചു. നിഫ്റ്റി പ്രതിരോധ സൂചികയിൽ 1.31 ശതമാനത്തിന്റെ മുന്നേറ്റം രേഖപ്പെടുത്തുകയും, സൂചികയിലുള്ള മുഴുവൻ കമ്പനികളും നേട്ടത്തിലാവുകയും ചെയ്തു.
അതേസമയം, കൊച്ചിൻ ഷിപ്യാഡ്, ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ്, ബിഇഎംഎൽ, എംടിഎആർ ടെക്നോളജീസ് തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടത്തിലായിരുന്നു. നയം വ്യക്തമാക്കി മന്ത്രി
ആയുധ ഇറക്കുമതി മാത്രം നടത്തിയിരുന്ന ഇന്ത്യ ഇന്ന് കയറ്റുമതിയുടെ പാതയിലാണെന്നും, ഈ മാറ്റത്തെ തടയാൻ ആർക്കും കഴിയില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
നിലവിൽ 25 മുതൽ 30 ശതമാനം വരെയാണ് പ്രതിരോധ കയറ്റുമതിയിൽ സ്വകാര്യ കമ്പനികളുടെ വിഹിതം. ഇത് 50 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
നട്ടും ബോൾട്ടും വിതരണം ചെയ്തിരുന്ന കമ്പനികൾക്ക് ലോകോത്തര നിലവാരത്തിലുള്ള ആയുധ നിർമാതാക്കളായി മാറാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ഇന്ത്യയുടെ പ്രതിരോധ ഉൽപാദന ശേഷിയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

