കൊല്ലം ദേശീയപാതയിൽ തട്ടാമലയ്ക്കു സമീപം പഴയാറ്റിൻകുഴി ജംക്ഷനിലുള്ള ഇരുചക്ര വാഹന ഷോറൂമിന്റെ സർവീസ് സെന്ററിൽ വൻ അഗ്നിബാധ. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം.
അപകടത്തിൽ 40 ഇലക്ട്രിക് സ്കൂട്ടറുകളും പുതിയ ബാറ്ററികളും ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. ഏകദേശം ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
ഷോറൂമിലെ സുരക്ഷാ ജീവനക്കാരനായ സി. രാജീവ് ആണ് ആദ്യം തീയും പുകയും ശ്രദ്ധയിൽപ്പെട്ടത്.
അവധി ദിവസമായതിനാൽ മുകൾ നിലയിൽ പെയിന്റിങ് ജോലി നടക്കുകയായിരുന്നു. താഴെയെത്തിയ രാജീവ് സർവീസ് സെന്ററിന്റെ മധ്യഭാഗത്ത് രണ്ട് വാഹനങ്ങളിൽ തീ പടരുന്നത് കണ്ട് ഉടൻ തന്നെ അഗ്നിശമന സേനയെ വിവരം അറിയിച്ചു.
സമീപത്തെ മറ്റൊരു ഷോറൂമിലെ സുരക്ഷാ ജീവനക്കാരനായ സുനിലിനെ കൂട്ടി അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും, ബാറ്ററികൾ തുടർച്ചയായി പൊട്ടിത്തെറിച്ചതോടെ തീ അതിവേഗം പടരുകയായിരുന്നു. നാട്ടുകാരുടെയും സമീപത്തെ കടകളിലെ ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി.
സർവീസ് സെന്ററിന് പുറത്തുണ്ടായിരുന്ന ഏകദേശം 25 ബൈക്കുകൾ ഇവർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കൂടാതെ സമീപത്തെ അടുക്കളയിൽ ഉണ്ടായിരുന്ന രണ്ട് പാചകവാതക സിലിണ്ടറുകളും ഉടൻ തന്നെ നീക്കം ചെയ്തു.
കടപ്പാക്കട, ചാമക്കട ഫയർ സ്റ്റേഷനുകളിൽ നിന്ന് എത്തിയ നാല് യൂണിറ്റുകൾ ഒന്നര മണിക്കൂർ നീണ്ട
പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ജില്ലാ ഫയർ ഓഫിസർ എൻ.
രാംകുമാർ, അഗ്നിരക്ഷാ ഗ്രേഡ് ഓഫിസർമാരായ എ. ജഗ്ഫർ, എ.
ഹരീഷ്കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് വിഷ്ണുമോഹൻ എംഎൽഎ, എം. നൗഷാദ്, കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻ എ.
സദക്കത്ത് എന്നിവർ എത്തിച്ചേർന്നു. എൻ.
കെ. പ്രേമചന്ദ്രൻ എംപി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സ്ഥാപനത്തിന് ഇൻഷുറൻസ് പരിരക്ഷ ഉള്ളതിനാൽ വാഹന ഉടമകൾക്ക് നഷ്ടമുണ്ടാകില്ലെന്ന് ഷോറൂം ജനറൽ മാനേജർ ഹരികുമാർ അറിയിച്ചു. സർവീസിനായി ഏൽപ്പിച്ച വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടവയിൽ ഭൂരിഭാഗവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

