ടെഹ്റാൻ: ഇറാൻ ആണവായുധ നിർമ്മാണത്തിൽ ഏർപ്പെടുന്നില്ലെന്ന് ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താൻ തയ്യാറാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. അമേരിക്കയുമായി നേരിട്ടുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ വഴിയൊരുങ്ങുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ സുപ്രധാന പ്രഖ്യാപനം.
തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾ ദൂരീകരിക്കാൻ ഭരണകൂടം സന്നദ്ധമാണെന്നും അദ്ദേഹം ഉറപ്പുനൽകി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് ഈ നിലപാട് പുതിയ ഊർജ്ജം പകരുമെന്നാണ് വിലയിരുത്തൽ.
നയതന്ത്ര തലത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ജനങ്ങളും മാധ്യമങ്ങളും അംഗീകരിക്കണമെന്ന് മസൂദ് പെസെഷ്കിയാൻ ആഹ്വാനം ചെയ്തു. സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ച തീരുമാനങ്ങൾ മാത്രമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക-ഇറാൻ ധാരണകളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന റിപ്പോർട്ടുകളിൽ വ്യക്തത വരുത്താൻ ഇറാൻ ശ്രമിക്കുന്നുണ്ട്. 60 ദിവസത്തെ വെടിനിർത്തൽ കരാർ സംബന്ധിച്ച വാർത്തകളെ ഇറാൻ നിഷേധിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കുമെങ്കിലും നിയന്ത്രണം ഇറാനിൽ തന്നെയായിരിക്കുമെന്ന് അധികൃതർ സൂചിപ്പിക്കുന്നു. യുറേനിയം ശേഖരം മാറ്റുന്നതിനെക്കുറിച്ചോ ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തിവെക്കുന്നതിനെക്കുറിച്ചോ കരാറിൽ വ്യവസ്ഥകളില്ലെന്ന് ഇറാൻ നിലപാടെടുത്തു.
മുപ്പത് ദിവസത്തിനകം നാവിക ഉപരോധം നീക്കണമെന്നും മരവിപ്പിച്ച സ്വത്തുക്കൾ ഘട്ടം ഘട്ടമായി വിട്ടുനൽകണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. ലബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണകൾ ഇസ്രായേലിനും ബാധകമാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയും ചർച്ചകൾ ധാരണയിലേക്ക് അടുക്കുന്നു എന്ന സൂചന നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നടന്ന ടെലിഫോൺ ചർച്ചകളിൽ അമേരിക്ക, ഇറാൻ, പാകിസ്ഥാൻ എന്നിവർക്ക് പുറമെ സൗദി അറേബ്യ, ഖത്തർ, യുഎഇ, ജോർദാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളും പരോക്ഷമായി പങ്കാളികളായി.
വരുംദിവസങ്ങളിൽ ഈ നയതന്ത്ര നീക്കങ്ങൾ വലിയൊരു സമാധാന കരാറിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ലോകം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

