മഴക്കാലം ആരംഭിക്കുന്നതോടെ അട്ടപ്പാടി ചുരം വഴിയുള്ള ഗതാഗതം കടുത്ത ആശങ്കയിലാകുന്നു. ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളും അടർന്നു വീഴാറായ പാറക്കെട്ടുകളും യാത്രക്കാരുടെ ജീവന് ഭീഷണിയാകുകയാണ്.
ആനമൂളി ഭാഗം പിന്നിട്ടാൽ മിക്ക വളവുകളിലും മരങ്ങൾ റോഡിലേക്ക് അപകടകരമായ രീതിയിൽ ചരിഞ്ഞു നിൽക്കുന്ന കാഴ്ചയാണുള്ളത്. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ ഇവ ഏതു നിമിഷവും കടപുഴകി വീഴാൻ സാധ്യതയുണ്ട്.
ഇതിനുപുറമെ, വലിയ പാറക്കല്ലുകൾ ഏതു നിമിഷവും താഴേക്ക് പതിക്കാവുന്ന നിലയിൽ സുരക്ഷാ ഭീഷണി ഉയർത്തുന്നു. മുൻകാലങ്ങളിൽ സമാനമായ സാഹചര്യങ്ങളിൽ ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്.
അപകടങ്ങൾ ഒഴിവാക്കുന്നതിനായി മഴക്കാലത്തിന് മുൻപായി റോഡരികിലെ അപകടകരമായ മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം യാത്രക്കാരും വാഹന ഉടമകളും ശക്തമാക്കിയിട്ടുണ്ട്. റോഡിന്റെ പരിതാപകരമായ അവസ്ഥയും മറ്റൊരു വെല്ലുവിളിയാണ്.
മാസങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും നിലവിൽ റോഡ് പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ആനമൂളി മുതൽ കൽക്കണ്ടി വരെയുള്ള അട്ടപ്പാടി റോഡിന്റെ രണ്ടാം റീച്ച് നവീകരണത്തിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടെങ്കിലും, പണി പൂർത്തിയാകുന്നതുവരെ നിലവിലെ റോഡിലൂടെയുള്ള യാത്ര ദുസ്സഹമായി തുടരുകയാണ്.
ആയതിനാൽ, അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് അറ്റകുറ്റപ്പണികൾ എത്രയും വേഗം നടത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

