ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസും ചേർന്ന് കെഎസ്യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ, പഴയങ്ങാടിയിൽ നടന്ന സമാനമായ ആക്രമണ സംഭവവും വീണ്ടും ചർച്ചയാകുന്നു.
മാടായിപ്പാറ പാളയം ഗ്രൗണ്ടിൽ നടന്ന നവകേരള സദസ്സിന് ശേഷം തളിപ്പറമ്പിലേക്ക് മടങ്ങിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർക്കുനേരെയുണ്ടായ ആക്രമണമാണ് നിയമനടപടികളിൽ വീണ്ടും ശ്രദ്ധനേടുന്നത്. ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ, കെഎസ്യു നേതാവ് സഞ്ചു സന്തോഷ് എന്നിവർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.
ജില്ലാ സെക്രട്ടറി മഹിത മോഹൻ, നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ പുത്തൻപുരയിൽ, സായി ശരൺ എന്നിവർക്കും സംഭവത്തിൽ പരുക്കേറ്റിരുന്നു. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമായിരുന്നു ഇത്.
ആക്രമണത്തെ ന്യായീകരിച്ച പിണറായി വിജയൻ, അത് ജീവൻരക്ഷാപ്രവർത്തനമായിരുന്നു എന്ന് പ്രസ്താവിച്ചത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. സംസ്ഥാനത്തെ ആദ്യ ‘ജീവൻരക്ഷാ’പ്രവർത്തനത്തിൽ പരുക്കേറ്റവർ ഇവർ ആയിരുന്നു.
സംഭവത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും എട്ടുപേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പുറമെ, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കളായ അഞ്ച് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
നിലവിൽ ഈ കേസ് വിചാരണ ഘട്ടത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

