മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട വിദ്യാർഥികൾ മന്ത്രി ടി.
സിദ്ദീഖുമായി വിഡിയോ കോളിലൂടെ സംവദിച്ചു. തങ്ങളുടെ ദുരിതകാലത്ത് രക്ഷകർത്താവിന്റെ ഉത്തരവാദിത്തത്തോടെ കൂടെനിന്ന മന്ത്രിയെ, അദ്ദേഹം പുതിയ പദവിയിലെത്തിയ വേളയിൽ അഭിനന്ദനമറിയിക്കാനാണ് വിവിധയിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വിഡിയോ കോളിൽ ഒത്തുചേർന്നത്.
‘ആരുമില്ലാത്തപ്പോൾ താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവർ ഉയരങ്ങളിലെത്തുമ്പോൾ അത് ഞങ്ങളുടെ കൂടി വിജയമാണ്. ടൗൺഷിപ് ഉദ്ഘാടനവേളയിലെ കൂവൽ ഞങ്ങളുടെ കണ്ണുനിറച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഈ മന്ത്രിക്കസേരയിൽ അങ്ങയെ കാണുമ്പോൾ മനസ്സ് നിറയുകയാണ്’ – വിദ്യാർഥികൾ വിഡിയോ കോളിനിടെ മന്ത്രി ടി.സിദ്ദീഖിനോട് പറഞ്ഞു. വിദ്യാർഥികളുടെ വാക്കുകൾക്ക് നന്ദി രേഖപ്പെടുത്തിയ മന്ത്രി, ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് അതിജീവനത്തിന്റെ പാതയിലേക്ക് നടന്നു കയറിയ ഈ കുട്ടികൾ സമൂഹത്തിന് വലിയൊരു മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവിതം വഴിമുട്ടിയ 152 വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാൻ ‘എംഎൽഎ കെയർ’ പദ്ധതിയിലൂടെ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിവിധ ബിസിനസ് ഗ്രൂപ്പുകളുടെ സഹകരണത്തോടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ഇവരുടെ പഠനച്ചെലവുകൾ പൂർണമായും ഏറ്റെടുത്തത്.
ഇതിലൂടെ മെഡിക്കൽ, എൻജിനീയറിങ്, ഏവിയേഷൻ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പഠനം തുടരാൻ സാധിച്ചു. പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, നിലവിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും കോഴ്സ് പൂർത്തിയാകുമ്പോൾ ജോലി ഉറപ്പാക്കുമെന്നും മന്ത്രി ടി.സിദ്ദീഖ് വ്യക്തമാക്കി.
നിലവിൽ ‘എംഎൽഎ കെയർ’ പദ്ധതിയിലൂടെ വയനാട് ജില്ലയിൽ 351 വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പദ്ധതിയുടെ ഭാഗമായ 21 പേർക്ക് തൊഴിൽ ലഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

