പെട്രോൾ, ഡീസൽ ഉൽപ്പന്നങ്ങളുടെ മേലുള്ള നികുതി ഭാരം കുറയ്ക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് മക്കൾ നീതി മയ്യം പ്രസിഡന്റും രാജ്യസഭ എംപിയുമായ കമൽ ഹാസൻ ആവശ്യപ്പെട്ടു. ആഗോളതലത്തിൽ നിലനിൽക്കുന്ന പ്രതിസന്ധികളുടെ പ്രത്യാഘാതങ്ങൾ സാധാരണക്കാരുടെ മാത്രം ചുമലിൽ അടിച്ചേൽപ്പിക്കരുതെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
“ത്യാഗം പൗരന്മാരിൽനിന്ന് മാത്രം പ്രതീക്ഷിക്കാൻ കഴിയില്ല. സർക്കാരുകളും അതിൻ്റെ ഭാരം പങ്കിടണം.” പ്രധാനമന്ത്രി എല്ലാ മുഖ്യമന്ത്രിമാരുടെയും അടിയന്തര യോഗം വിളിച്ചുചേർക്കണമെന്നും, പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയിട്ടുള്ള വാറ്റ് ഉൾപ്പെടെയുള്ള സംസ്ഥാന നികുതികൾ കുറയ്ക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ട്രെയിൻ, മെട്രോ, ബസ് നിരക്കുകൾ കുറയ്ക്കുന്നതിലൂടെ കൂടുതൽ പേർ പൊതുഗതാഗതത്തിലേക്ക് മാറാൻ പ്രേരിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ഉത്തരവാദിത്തം പാർട്ടീ രാഷ്ട്രീയത്തിന് അതീതമാണെന്ന് ഓർമ്മിപ്പിച്ച കമൽ ഹാസൻ, മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ വാക്കുകൾ കടമെടുത്തുകൊണ്ട് “സർക്കാരുകൾ വരും പോകും, പക്ഷേ രാജ്യം എന്നും നിലനിൽക്കും” എന്ന് വ്യക്തമാക്കി.
അതേസമയം, കേന്ദ്ര സർക്കാരിന്റെ ഊർജ നയങ്ങളെ അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ ദശകത്തിൽ സൗരോർജ, കാറ്റാടി ഊർജ ശേഷി വർധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സാധിച്ചു.
കൽക്കരി ഗ്യാസിഫിക്കേഷൻ, പുനരുപയോഗിക്കാവുന്ന ഊർജം, ആണവോർജം എന്നിവയിലുണ്ടായ നിക്ഷേപങ്ങൾ വിദേശ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുകളാണെന്ന് അദ്ദേഹം വിലയിരുത്തി. രാജ്യത്തിന് ഒത്തൊരുമയോടെ ഈ പ്രതിസന്ധിയെ നേരിടാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

