തിരുവനന്തപുരം നഗരസഭയിലെ പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ‘മേയർ ജനസമക്ഷം’ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. മേയർ വി.വി രാജേഷിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് ഈ ജനസമ്പർക്ക പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.
നഗരസഭയുടെ പരിധിയിലെ വിവിധ നിയോജക മണ്ഡലങ്ങളെ സോണുകളായി തിരിച്ചാണ് അദാലത്തുകൾ ക്രമീകരിച്ചിരിക്കുന്നത്. ജൂൺ 11, 12, 15, 16 എന്നീ തീയതികളിലാണ് അദാലത്തുകൾ നടക്കുക.
പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും ആവശ്യങ്ങളും അധികൃതർക്ക് നേരിട്ട് ബോധിപ്പിക്കാൻ ഈ വേദി വഴി അവസരമൊരുങ്ങും. പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത സമയത്ത് മുൻ ഭരണസമിതിയുടെ കാലത്ത് തീർപ്പാക്കാതെ അവശേഷിച്ച നൂറുകണക്കിന് ഫയലുകൾ കണ്ടെത്തിയിരുന്നു.
ചില വകുപ്പുകളിൽ ഏഴുന്നൂറോളം ഫയലുകൾ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര നടപടികളുമായി കോർപ്പറേഷൻ മുന്നോട്ട് പോകുന്നത്.
ഈ പരാതി പരിഹാര അദാലത്തിൽ ഡെപ്യൂട്ടി മേയർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥർ മേയർക്കൊപ്പം സന്നിഹിതരായിരിക്കും. പ്രാദേശിക എംഎൽഎമാരുടെ സൗകര്യം കൂടി മുൻനിർത്തി അദാലത്തിന്റെ വേദികളും സമയക്രമവും സംബന്ധിച്ച അന്തിമ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
നേമത്ത് നിന്നാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. മുൻ ഭരണസമിതിയുടെ കാലത്തും “മേയർ ജനസമക്ഷം” അദാലത്തുകൾ നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

