കാസർകോട് ജില്ലയിലെ നിർണ്ണായക ഗതാഗത പാതയായ ചെർക്കള – കല്ലട്ക്ക റോഡിന്റെ നവീകരണത്തിനായി 29.83 കോടി രൂപയുടെ ടെൻഡർ നടപടികൾക്ക് അന്തിമ അനുമതി ലഭിച്ചു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് പദ്ധതിക്ക് അടിയന്തര അംഗീകാരം ലഭ്യമായത്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. കിഫ്ബി പദ്ധതികളുടെ തുടർച്ച സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ പാതയുടെ കാര്യത്തിൽ മുഖ്യമന്ത്രി പ്രത്യേക ശ്രദ്ധ പതിപ്പിച്ചത്.
കിഫ്ബി പദ്ധതികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ഈ മാസം 27-ന് ഉണ്ടാകുമെന്നാണ് സൂചന.
സംസ്ഥാനാന്തര പാതയായ ചെർക്കള – കല്ലട്ക്ക റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. ബിറ്റുമിൻ കോൺക്രീറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡ് നവീകരണം നടപ്പിലാക്കുന്നത്.
വരാനിരിക്കുന്ന കാലവർഷം കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെ കുഴികൾ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. പ്രവൃത്തികൾ വേഗത്തിലാക്കിയില്ലെങ്കിൽ ഈ പാതയിലൂടെയുള്ള യാത്ര ദുഷ്കരമാകുമെന്ന ആശങ്ക നാട്ടുകാർ പങ്കുവെക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

