പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. യുവതി ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് മരിച്ച സോനയുടെ കുടുംബം.
പേരാമ്പ്രയിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം വാങ്ങിയത് സോനയാണെങ്കിലും, അവർ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്ന് മാതാവ് വസന്ത വ്യക്തമാക്കി. പെട്രോൾ രജിൻ ലാൽ നിർബന്ധിച്ച് വാങ്ങിപ്പിച്ചതാകാം എന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്.
സംഭവദിവസം രാവിലെ 10.30-ന് സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും, ആ സമയത്ത് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വസന്ത പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് സോന അറിയിച്ചിരുന്നു.
ഗർഭകാലത്തെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് രണ്ട് മാസം പാലേരിയിലെ വീട്ടിലായിരുന്ന സോനയെ, രജിൻ ലാൽ ഗൾഫിൽ നിന്നെത്തിയ ശേഷമാണ് കൂട്ടിക്കൊണ്ടുപോയത്. കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മകൾക്ക് നീതി ലഭിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മകന്റെ മേൽ കുറ്റം കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്ന് രാജൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

