ആറന്മുള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ വിതരണ സൗകര്യം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
സ്കൂളിലെ ഡൈനിങ് ഹാളിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന അങ്കണവാടി അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി ജില്ലാ പഞ്ചായത്ത് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതരെ സമീപിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന ഇരുന്നൂറ്റി അൻപതോളം വിദ്യാർഥികളിൽ 187 പേരാണ് സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കുന്നത്.
2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്താണ് ഇവർക്കായി ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്. എന്നാൽ, കെട്ടിടം നിർമാണം പൂർത്തിയായ കാലം മുതൽ ഇവിടെ അങ്കണവാടി പ്രവർത്തിക്കുന്നതിനാൽ, അൻപത് കുട്ടികൾക്ക് പോലും ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യം നിലവിലില്ല.
നേരത്തെ സ്കൂളിലെ പഴയ കെട്ടിടത്തിന്റെ കിഴക്കേയറ്റത്തെ ക്ലാസ് മുറിയിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി താത്കാലികമായി ഡൈനിങ് ഹാളിലേക്ക് മാറ്റിയ അങ്കണവാടി, എട്ട് വർഷം പിന്നിട്ടിട്ടും ഇതേ സ്ഥലത്ത് തന്നെ തുടരുകയാണ്.
ഏഴ് കുട്ടികൾ മാത്രമുള്ള അങ്കണവാടിയുടെ പഠനം, ഭക്ഷണം, കളിസ്ഥലം എന്നിവയെല്ലാം ഈ ഒറ്റ മുറിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സ്കൂളിൽ നിലവിൽ ക്ലാസ് മുറികൾ മാത്രമാണുള്ളത്.
വിദ്യാഭ്യാസ വകുപ്പ് പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. അങ്കണവാടിക്കായി മറ്റൊരു കെട്ടിടം കണ്ടെത്തി മാറ്റി സ്ഥാപിച്ചാൽ മാത്രമേ വിദ്യാർഥികളുടെ ബുദ്ധിമുട്ടിന് പരിഹാരമാകൂ എന്നാണ് അധികൃതരുടെ നിലപാട്.
ഇതിനായി പഞ്ചായത്ത് ഭരണകൂടം മുൻകൈ എടുക്കണമെന്നാണ് നിർദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

