തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശി കെ.കെ. പ്രദീപ് (40) എട്ടു വർഷത്തോളം നീണ്ടുനിന്ന തന്റെ അപൂർവ ശപഥം പൂർത്തിയാക്കി.
സംസ്ഥാന ഭരണം മാറാതെ താടിയും മുടിയും മുറിക്കില്ലെന്നായിരുന്നു പ്രദീപിന്റെ പ്രതിജ്ഞ. 2018-ൽ ശബരിമല സ്ത്രീ പ്രവേശന വിധി പുറത്തുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്.
ഈ ശപഥത്തിന്റെ ഭാഗമായി, അയ്യപ്പ ഭക്തർക്കിടയിൽ ഐക്യം ആഹ്വാനം ചെയ്തുകൊണ്ട് ഏകദേശം മൂന്ന് വർഷത്തോളം സ്വന്തം ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം അദ്ദേഹം സഞ്ചരിച്ചിരുന്നു. തന്റെ ശപഥം പൂർത്തിയായതോടെ, ഇന്നലെ താടിയുടെയും മുടിയുടെയും അറ്റം മുറിച്ചു നീക്കി.
ഈ ദൃശ്യങ്ങൾ അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും നാട്ടുകാർക്കായി പായസ വിതരണം നടത്തുകയും ചെയ്തു. നേരത്തെ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്.
ഇനിമുതൽ ഓൺലൈനായി ജോലി തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

