ആമ്പല്ലൂർ മേഖലയിലെ ദേശീയപാതയിൽ പുരോഗമിക്കുന്ന അടിപ്പാത നിർമാണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് നെന്മണിക്കര നിവാസികളുടെ പ്രതിഷേധം. കേളിത്തോട് മുതൽ മണലിപ്പുഴ വരെയുള്ള പ്രദേശങ്ങളിൽ മഴവെള്ളം ഒഴുക്കിവിടാനുള്ള ഡ്രെയ്നേജ് സംവിധാനം നിർമിക്കാത്തതാണ് പ്രധാന പ്രതിസന്ധിയായി ഉയർത്തിക്കാട്ടുന്നത്.
വിഷയത്തിൽ നെന്മണിക്കര പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ ആമ്പല്ലൂരിലെത്തി നിർമാണസ്ഥലങ്ങളിൽ നേരിട്ട് പരിശോധന നടത്തി. ദേശീയപാതയിലെ അടിപ്പാതകൾ നിർമിച്ചിട്ടുള്ള ഭാഗങ്ങളിൽ പടിഞ്ഞാറോട്ട് ഒഴുകേണ്ട
മഴവെള്ളം പൂർണ്ണമായും നെന്മണിക്കര ഭാഗത്തേക്ക് ഇരച്ചെത്തുന്ന സാഹചര്യമാണുള്ളത്. കാര്യക്ഷമമായ നീരൊഴുക്ക് സംവിധാനങ്ങളുടെ അഭാവം ഈ മേഖലയെ രൂക്ഷമായ വെള്ളക്കെട്ടിലേക്കും ചെളിനിറഞ്ഞ അവസ്ഥയിലേക്കും നയിക്കുമെന്ന ആശങ്ക നാട്ടുകാർ പങ്കുവെക്കുന്നു.
ഇതേതുടർന്ന് നെന്മണിക്കരയിലേക്കുള്ള മൂന്ന് പ്രധാന റോഡുകളുടെ പ്രവേശന ഭാഗങ്ങൾ തടസ്സപ്പെടാനും, ഗതാഗതം അസാധ്യമാകാനും സാധ്യതയുണ്ട്. അഞ്ഞൂറിലധികം വീടുകൾ, വിവിധ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് യാത്രാദുരിതം ഭീഷണിയാകുന്നത്.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണണമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം. ദേശീയപാത മുറിച്ചുകടക്കുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നതിനായി ശാസ്ത്രീയമായ ഓവുചാൽ സംവിധാനം അടിയന്തരമായി നിർമിക്കണമെന്നും പഞ്ചായത്ത് അധികൃതർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ സന്ദർശന വേളയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, അംഗം വി.ആർ.സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

