ആമ്പല്ലൂർ മേഖലയിലെ ദേശീയപാതയിൽ പുരോഗമിക്കുന്ന അടിപ്പാത നിർമാണം അശാസ്ത്രീയമാണെന്ന പരാതിയുമായി നെന്മണിക്കര ഗ്രാമപഞ്ചായത്ത്. കേളിത്തോട് മുതൽ മണലിപ്പുഴ വരെയുള്ള പ്രദേശങ്ങളിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള കൃത്യമായ ഡ്രെയ്നേജ് സംവിധാനങ്ങൾ ഏർപ്പെടുത്താത്തതാണ് പ്രദേശവാസികൾക്ക് വിനയാകുന്നത്.
ദേശീയപാതയിലെ അടിപ്പാതകൾ നിർമിച്ചിട്ടുള്ള ഭാഗങ്ങളിൽ നിന്ന് പടിഞ്ഞാറൻ ദിശയിലേക്ക് ഒഴുകുന്ന വെള്ളം പൂർണമായും എത്തിച്ചേരുന്നത് നെന്മണിക്കര മേഖലയിലാണ്. നിലവിൽ ഈ ജലം സുഗമമായി ഒഴുക്കിവിടാനുള്ള മാർഗങ്ങൾ ഇല്ലാത്തത് വൻതോതിലുള്ള വെള്ളക്കെട്ടിന് വഴിവെക്കും.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപായി അടിയന്തരവും ശാസ്ത്രീയവുമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ ആമ്പല്ലൂരിലെത്തി നേരിട്ട് സ്ഥിതിഗതികൾ പരിശോധിച്ചു.
അശാസ്ത്രീയമായ നിർമാണരീതി മൂലം നെന്മണിക്കരയിലേക്കുള്ള പ്രധാനപ്പെട്ട മൂന്ന് റോഡുകളിലും വെള്ളക്കെട്ടും ചെളിയും രൂപപ്പെടാൻ സാധ്യതയേറെയാണ്.
ഇത് മേഖലയിലെ അഞ്ഞൂറിലധികം വീടുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്താനും ഗുരുതരമായ അപകടാവസ്ഥ സൃഷ്ടിക്കാനും കാരണമായേക്കും. അതിനാൽ, ദേശീയപാതയ്ക്ക് കുറുകെ ശാസ്ത്രീയമായ രീതിയിൽ വെള്ളം പുഴയിലേക്ക് ഒഴുക്കിവിടാനുള്ള സംവിധാനം അടിയന്തരമായി നിർമിക്കണമെന്നാണ് പഞ്ചായത്ത് കമ്മിറ്റിയുടെ ആവശ്യം.
പരിശോധന വേളയിൽ നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, പഞ്ചായത്ത് അംഗം വി.ആർ.സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

