പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ ആറന്മുള ഗവ. എച്ച്എസ്എസിലെ വിദ്യാർഥികളും അങ്കണവാടിയിലെ കൊച്ചു കുട്ടികളും കടുത്ത പ്രതിസന്ധിയിലേക്ക്.
സ്കൂളിലെ ഉച്ചഭക്ഷണ ശാലയിൽ വർഷങ്ങളായി അങ്കണവാടി പ്രവർത്തിച്ചു വരുന്നതാണ് ഇരു വിഭാഗത്തിന്റെയും ദുരിതത്തിന് പ്രധാന കാരണം. ഈ സാഹചര്യത്തിൽ, അങ്കണവാടിയുടെ പ്രവർത്തനം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതർക്ക് ജില്ലാ പഞ്ചായത്ത് കർശന നിർദേശം നൽകി.
ഹൈസ്കൂൾ വിഭാഗത്തിൽ ഇരുനൂറ്റമ്പതോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 187 കുട്ടികളാണ് ഉച്ചഭക്ഷണം കഴിക്കുന്നത്. ഇവർക്കായി 2018-ൽ 9.5 ലക്ഷം രൂപ ചിലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്.
എന്നാൽ, കെട്ടിടം പൂർത്തിയായ സമയം മുതൽ അങ്കണവാടി ഇവിടെ പ്രവർത്തിക്കുന്നതിനാൽ, അൻപത് കുട്ടികൾക്ക് പോലും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. നേരത്തെ സ്കൂളിലെ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി, അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായാണ് ഡൈനിങ് ഹാളിലേക്ക് മാറ്റിയത്.
നിർമാണം പൂർത്തിയായാൽ ഉടൻ മാറ്റാമെന്ന ഉറപ്പ് നൽകിയെങ്കിലും എട്ട് വർഷം പിന്നിട്ടിട്ടും നടപടികളൊന്നും ഉണ്ടായില്ല. നിലവിൽ ഏഴ് കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുടെ പഠനവും കളിയും ഭക്ഷണവുമെല്ലാം ഈ ഒറ്റമുറിയിൽ തന്നെയാണ് നടക്കുന്നത്.
ഉച്ചസമയത്ത് 187 കുട്ടികൾ ഉച്ചഭക്ഷണത്തിന് എത്തുമ്പോൾ ഉണ്ടാകുന്ന തിരക്ക് സ്കൂൾ അധികൃതർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല.
അങ്കണവാടിക്ക് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി മാറ്റിയാൽ മാത്രമേ സ്കൂളിലെയും അങ്കണവാടിയിലെയും പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്നാണ് അധികൃതരുടെ നിലപാട്. ഇതിനായി പഞ്ചായത്ത് ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് ശക്തമായി ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

