
കോഴിക്കോട്: ഒരു കോൺഗ്രസുകാരനും പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ ഇനി ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായുള്ള വിവാദം നിലനിൽക്കെയാണ് വി ഡി സതീശൻ്റെ പ്രതികരണം. ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു സതീശൻ.
മൈക്കിന് പിടിവലികൂടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിച്ചിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ആരാദ്യം തുടങ്ങണമെന്ന സതീശന്റേയും സുധാകരന്റേയും തർക്കമുണ്ടായത്. സംഭവത്തിൽ ഇരുവരെയും ട്രോളി ഇടത് സൈബർ ഹാൻഡിലുകൾ രംഗത്തെത്തി. വിവിധ കോണുകളിൽ നിന്ന് ഇരുവർക്കുമെതിരെ വിമർശനവുമുയർന്നു. ചാണ്ടി ഉമ്മന്റെ വിജയത്തിന് ശേഷം കോൺഗ്രസ് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കമുണ്ടായത്. വാർത്താ സമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തർക്ക വിഷയം.
Also Read: ആരാദ്യം പറയും…; മൈക്കിന് പിടിവലിയുമായി സതീശനും സുധാകരനും, സോഷ്യൽമീഡിയയിൽ വിമർശനവും ട്രോളും
വാർത്താസമ്മേളനത്തിൽ വി ഡി സതീശനാണ് ആദ്യമെത്തിയത്. ഈ സമയം, സതീശന്റെ മുന്നിലായിരുന്നു മാധ്യമങ്ങളുടെ മൈക്കുകൾ. പിന്നീട് സുധാകരനെത്തി. അദ്ദേഹമെത്തിയപ്പോൾ വി ഡി സതീശൻ നീങ്ങി അപ്പുറത്തിരുന്നെങ്കിലും മൈക്കുകൾ തന്റെയടുത്തേക്ക് നീക്കിവെച്ചു. പിന്നാലെ വാർത്താ സമ്മേളനം ഞാൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, സുധാകരൻ സമ്മതിച്ചില്ല. കെപിസിസി പ്രസിഡന്റെന്ന് നിലയിൽ വാർത്താ സമ്മേളനം താൻ തുടങ്ങുമെന്നും പിന്നീട് നിങ്ങൾ പറഞ്ഞാൽ മതിയെന്നും എല്ലാവരും കേൾക്കെ സുധാകരൻ സതീശനോട് പറഞ്ഞു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരന് നേരെ നീക്കിവെച്ചു. പ്രവർത്തകർ നൽകിയ പൊന്നാട സ്വീകരിക്കാനും സതീശൻ തയ്യാറായില്ല. പിന്നീട് വാർത്താസമ്മേളനത്തിന്റെ അവസാനം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും സതീശൻ ഒഴിഞ്ഞുമാറി. എല്ലാം പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്നും തനിക്കൊന്നും പറയാനില്ലെന്നും സതീശൻ പറഞ്ഞു.
Last Updated Sep 25, 2023, 7:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]