വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ പഴുത്തു നശിക്കുന്ന ചക്കയ്ക്ക് കർണാടക വിപണിയിൽ മികച്ച സ്വീകാര്യത. ദിനംപ്രതി ലോഡ് കണക്കിന് ചക്കയാണ് വയനാട്ടിൽ നിന്ന് അതിർത്തി കടന്ന് കർണാടകയിലെ പ്രധാന വിപണികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തുന്നത്.
പച്ചച്ചക്കയും പഴുത്ത ചക്കയും വിപണിയിൽ സജീവമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കപ്പഴം വാങ്ങുന്നതിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
നിലവിൽ വിപണിയിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയാണ് വില. അതായത് ഒരു ചുളയ്ക്ക് 6 രൂപ നിരക്കിൽ വിൽപന നടക്കുന്നു.
ഒരു വലിയ ചക്ക മുറിച്ച് വിൽക്കുമ്പോൾ വ്യാപാരികൾക്ക് 500 രൂപയിലധികം വരുമാനം ലഭിക്കുമ്പോൾ, കർഷകർക്ക് ലഭിക്കുന്നത് കേവലം 20 രൂപ മാത്രമാണ്. വയനാട്ടിൽ നിന്ന് ഇടിച്ചക്കയും പച്ചച്ചക്കയും പഴുത്ത ചക്കയും തരംതിരിച്ചാണ് ലോറികളിൽ അയക്കുന്നത്.
കനത്ത ചൂടിൽ ചക്ക കേടാകാതിരിക്കാൻ ഐസ് പാളികൾ നിരത്തിയാണ് ഗതാഗതം. വർഷംതോറും വലിയ അളവിൽ ചക്ക ജില്ലയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിലും, വയനാട്ടിലെ തോട്ടങ്ങളിൽ വലിയൊരു ഭാഗം ചക്ക ഇപ്പോഴും പഴുത്ത് ചീഞ്ഞു നശിക്കുകയാണ്.
ജില്ലയിൽ ചക്ക അധിഷ്ഠിത ഉൽപന്നങ്ങൾ സംസ്കരിക്കാനോ വിപണനം നടത്താനോ മതിയായ സംവിധാനങ്ങളില്ലാത്തതാണ് പ്രധാന പ്രതിസന്ധി. ജൈവരീതിയിൽ വിളയുന്ന മറ്റ് പഴങ്ങളുടെ അവസ്ഥയും സമാനമാണ്.
പഴവർഗ്ഗ കൃഷി പ്രോത്സാഹിപ്പിക്കാൻ വിവിധ സർക്കാർ പദ്ധതികൾ ഉണ്ടെങ്കിലും, അവയ്ക്ക് ആവശ്യമായ വിപണി കണ്ടെത്താനോ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കാനോ സാധിക്കുന്നില്ല എന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. അതേസമയം, വയനാടൻ ചക്ക ഉത്തരേന്ത്യൻ വിപണികളിലേക്കും വ്യാപകമായി എത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

