പെരുമ്പിലാവ് (തൃശൂർ): സംസ്ഥാനത്തെ അടയ്ക്ക വിപണിയിൽ രൂക്ഷമായ വിലയിടിവ് തുടരുന്നു. ഇറക്കുമതിയിലെ ക്രമക്കേടുകളാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
റോസ്റ്റഡ് അടയ്ക്ക ഇറക്കുമതി ചെയ്യാൻ മാത്രമായി ലൈസൻസ് ലഭിച്ചവർ, അതിന്റെ മറവിൽ ഇന്തോനീഷ്യയിൽ നിന്ന് സാധാരണ അടയ്ക്ക വ്യാപകമായി രാജ്യത്തേക്ക് കടത്തുന്നുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം. അനധികൃത കടത്ത് കണ്ടെത്തുന്നത് ഒഴിവാക്കാനായി, കണ്ടെയ്നറുകളുടെ വാതിൽക്കൽ പേരിന് മാത്രം റോസ്റ്റ് ചെയ്ത അടയ്ക്കയുടെ ചാക്കുകൾ ക്രമീകരിച്ച ശേഷം, അതിനുള്ളിൽ സാധാരണ അടയ്ക്ക ഒളിപ്പിച്ചുവെച്ചാണ് വ്യാപകമായി എത്തിക്കുന്നത്.
ഉദ്യോഗസ്ഥരെയും ക്ലിയറിങ് ഏജന്റുമാരെയും സ്വാധീനിച്ച് നടത്തുന്ന ഈ പ്രവർത്തനങ്ങൾ തദ്ദേശീയ വിപണിയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി വിപണിയിൽ ക്വിന്റലിന് 40,000 മുതൽ 42,000 രൂപ എന്ന നിലയിലേക്ക് വില താഴ്ന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 48,000 രൂപ വരെ വില രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് ഈ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത്. ചില വൻകിട
വ്യാപാരികൾക്ക് മാത്രമാണ് റോസ്റ്റഡ് അടയ്ക്ക ഇറക്കുമതി ചെയ്യാൻ അനുമതിയുള്ളത്. ഈ ലൈസൻസിന്റെ മറവിൽ ഗുണനിലവാരമില്ലാത്ത അടയ്ക്ക വിപണിയിലെത്തിക്കുന്നത് കമുക് കർഷകരെയും ചെറുകിട
വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു. അനധികൃത ഇറക്കുമതി തടയാൻ സാധിച്ചിരുന്നുവെങ്കിൽ വിപണിയിൽ പ്രാദേശിക അടയ്ക്കയ്ക്ക് ക്വിന്റലിന് 70,000 രൂപ വരെ വില ലഭിക്കുമായിരുന്നുവെന്ന് വ്യാപാരികൾ അഭിപ്രായപ്പെടുന്നു.
വ്യാജ ഇറക്കുമതി തടയുന്നതിനായി തുറമുഖങ്ങളിലും അതിർത്തികളിലും കർശനമായ പരിശോധനകൾ ഏർപ്പെടുത്തണമെന്നാണ് കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും കൂട്ടായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

