പത്തനംതിട്ട ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് നടപ്പിലാക്കിയ മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതി വൻ പ്രതിസന്ധിയിൽ.
സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും മുൻനിർത്തി നൂറു ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യാനായി വൻ തുക മുടക്കി വാങ്ങിയ മെൻസ്ട്രൽ കപ്പുകൾ അർഹരിലേക്ക് എത്താതെ കാലാവധി കഴിഞ്ഞ് നശിക്കുന്ന അവസ്ഥയാണുള്ളത്. പഞ്ചായത്തുകൾ, കുടുംബശ്രീ, ഗ്രാമസഭകൾ എന്നിവർ സംയുക്തമായി തയാറാക്കിയ ഗുണഭോക്താക്കളുടെ പട്ടിക പ്രകാരമാണ് കപ്പുകൾ സബ് സെന്ററുകളിലേക്ക് എത്തിച്ചത്.
എന്നാൽ, ബോധവൽക്കരണ ക്ലാസുകൾക്ക് ശേഷം മാത്രമേ കപ്പുകൾ വിതരണം ചെയ്യാവൂ എന്ന നിബന്ധന കർശനമായി പാലിക്കാത്തതാണ് പദ്ധതിയുടെ പരാജയത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. വിവിധ പഞ്ചായത്തുകളിലെ കണക്കുകൾ പദ്ധതി നടത്തിപ്പിലെ ഗുരുതരമായ വീഴ്ചകളാണ് വെളിപ്പെടുത്തുന്നത്.
നാരങ്ങാനം പഞ്ചായത്തിൽ 3.44 ലക്ഷം രൂപ ചെലവിൽ വാങ്ങിയ 1150 കപ്പുകളിൽ 205 എണ്ണം മാത്രമാണ് വിതരണം ചെയ്തത്. ബാക്കി 945 കപ്പുകൾ വിവിധ ഹെൽത്ത് സെന്ററുകളിൽ കെട്ടിക്കിടക്കുകയാണ്.
പന്തളം തെക്കേക്കര പഞ്ചായത്തിൽ ഒരു ലക്ഷം രൂപ മുടക്കി വാങ്ങിയ 333 കപ്പുകളിൽ ഒരെണ്ണം പോലും വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല. ഗുണഭോക്താക്കളുടെ കൃത്യമായ കണക്കെടുക്കാതെയായിരുന്നു ഇവിടെ സംഭരണം നടത്തിയത്.
കോന്നി പഞ്ചായത്തിൽ 52 കപ്പുകൾ ഇനിയും വിതരണം ചെയ്യാനുണ്ട്. കടപ്ര പഞ്ചായത്തിൽ 985 കപ്പുകൾ വാങ്ങിയതിൽ 23 എണ്ണം മാത്രമാണ് വിതരണം ചെയ്തത്; ബാക്കി 57 എണ്ണം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുറ്റൂർ പഞ്ചായത്തിൽ വാങ്ങിയ 1423 കപ്പുകളിൽ 571 എണ്ണവും വിതരണത്തിന് തയാറായിട്ടില്ല. സാനിറ്ററി പാഡുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണ് മെൻസ്ട്രൽ കപ്പുകൾ.
ആർത്തവ ശുചിത്വത്തിന്റെ ഭാഗമായി ഇവ ദീർഘകാലം ഉപയോഗിക്കാമെങ്കിലും, ശരിയായ ബോധവൽക്കരണത്തിന്റെ കുറവ് പദ്ധതിയുടെ ലക്ഷ്യത്തെ അട്ടിമറിച്ചിരിക്കുകയാണ്. ആശാ പ്രവർത്തകരുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ കൃത്യമായ പരിശീലനം നൽകിയാൽ മാത്രമേ പദ്ധതി ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിച്ചേരുകയുള്ളൂ എന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

