പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും തമ്മിലുള്ള നയതന്ത്ര സൗഹൃദം ആഗോളതലത്തിൽ തന്നെ ചർച്ചയാകാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇരുവരും ‘മെലഡി’ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടാറുണ്ട്.
ഇറ്റലി സന്ദർശനവേളയിൽ പ്രധാനമന്ത്രി മോദി, ജോർജ മെലോനിക്ക് സമ്മാനമായി നൽകിയ പാർലെ ‘മെലഡി’ ചോക്ലേറ്റുകളാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. ഈ സമ്മാനം കൈമാറുന്ന ദൃശ്യങ്ങൾ മെലോനി എക്സ് (X) പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിരുന്നു.
“Thank you for the gift” എന്ന കുറിപ്പോടെയായിരുന്നു മെലോനി വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഓഹരി വിപണിയിൽ അപ്രതീക്ഷിതമായ ചലനങ്ങൾ ദൃശ്യമായി.
പാർലെ ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ ഓഹരി വിലയിലാണ് അവിശ്വസനീയമായ മുന്നേറ്റം ഉണ്ടായത്. ഉച്ചയ്ക്ക് 12.20 വരെ നഷ്ടത്തിൽ വ്യാപാരം നടത്തിയിരുന്ന ഓഹരി, ഇന്നലത്തെ ക്ലോസിങ് വിലയായ 5 രൂപയിൽ നിന്നും 4.84 രൂപയിലേക്ക് താഴ്ന്നിരുന്നു.
എന്നാൽ, വീഡിയോ പ്രചരിച്ചതോടെ ഓഹരി വില 5.25 രൂപയിലേക്ക് ഉയരുകയും അഞ്ച് ശതമാനത്തിന്റെ അപ്പർ-സർക്യൂട്ട് രേഖപ്പെടുത്തുകയും ചെയ്തു. നിക്ഷേപകർക്കിടയിലുണ്ടായ ആശയക്കുഴപ്പമാണ് ഈ മുന്നേറ്റത്തിന് കാരണമായതെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.
പ്രധാനമന്ത്രി സമ്മാനിച്ചത് പാർലെ പ്രോഡക്ട്സ് നിർമ്മിക്കുന്ന ചോക്ലേറ്റുകളാണ്. എന്നാൽ ഓഹരി വിപണിയിൽ കുതിപ്പുണ്ടായത് റിയൽ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ വികസനം, പേപ്പർ വേസ്റ്റ് റീസൈക്ലിങ് മേഖലയിൽ പ്രവർത്തിക്കുന്ന പാർലെ ഇൻഡസ്ട്രീസ് എന്ന കമ്പനിക്കാണ്.
കമ്പനികളുടെ പേരിലുള്ള സാമ്യം നിക്ഷേപകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു. പാർലെ പ്രോഡക്ട്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ ഉൽപ്പന്നം ആഗോള ശ്രദ്ധ നേടിയതിൽ അഭിമാനമുണ്ടെന്ന് പാർലെ പ്രോഡക്ട്സ് അധികൃതർ പ്രതികരിച്ചു. റോം സന്ദർശനത്തിനിടെ മെലോനിക്കൊപ്പം പ്രധാനമന്ത്രി മോദി അത്താഴ വിരുന്നിൽ പങ്കെടുത്തതും കൊളോസിയം സന്ദർശിച്ചതും ശ്രദ്ധേയമായിരുന്നു.
നിരാകരണം: ഈ ലേഖനം ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട്, ക്രിപ്റ്റോകറൻസി, ഐപിഒ, സ്വർണം മുതലായവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വയം പഠനങ്ങൾ നടത്തുകയോ വിദഗ്ധ ഉപദേശം തേടുകയോ ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

