കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെയും വെള്ളപ്പൊക്കത്തെയും തുടർന്ന് വീടും റോഡുകളും തകർന്ന് ദുരിതത്തിലായ അറുനൂറിലധികം കുടുംബങ്ങൾക്കായി അനുവദിക്കേണ്ട നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത് വൈകുന്നു.
സംഭവം നടന്ന് രണ്ട് വർഷം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഗുണഭോക്താക്കളിലേക്ക് എത്തിയിട്ടില്ല. പഞ്ചായത്ത്, ജില്ലാ ഭരണകൂടം, മന്ത്രിതലങ്ങൾ എന്നിവിടങ്ങളിൽ കുടുംബങ്ങൾ പലതവണ പരാതി നൽകിയെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല.
തകർന്ന വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ പോലും ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിൽ നിന്നും നൽകാനുള്ളത്.
കൃഷിനാശം സംഭവിച്ചവർ, വീട് ഭാഗികമായും പൂർണമായും തകർന്നവർ എന്നിവരെല്ലാം നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി തുക വിതരണം ചെയ്യാനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ നഷ്ടം നേരിട്ടവരുടെ വിവരങ്ങൾ ശേഖരിച്ച് കലക്ടർക്കും സർക്കാരിനും സമർപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിനുശേഷം ഫണ്ട് അനുവദിച്ചതായി ദുരന്ത നിവാരണ വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നെങ്കിലും തുക ലഭ്യമായില്ല.
തുടർന്ന് നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ തുക ലഭിക്കുമെന്ന പ്രതീക്ഷയും പൊലിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ, കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് വീണ്ടും ബന്ധപ്പെട്ട
വകുപ്പിന് കൈമാറിയിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ഫണ്ട് അടിയന്തരമായി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും.
ഫണ്ട് വൈകിയതിനെ തുടർന്ന് പലയിടത്തും കരാറുകാർ സ്വന്തം നിലയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയെങ്കിലും അവർക്കും ഇതുവരെ പണം ലഭിച്ചിട്ടില്ല. വെള്ളപ്പൊക്കത്തെ തുടർന്നുള്ള നഷ്ടപരിഹാരം, റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, മൃഗങ്ങൾക്കുണ്ടായ നഷ്ടം എന്നിവയ്ക്കും ദുരന്ത മേഖലയിൽ നിന്ന് മാറ്റിതാമസിപ്പിച്ചവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കുമായാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

